സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി സർഗ്ഗോത്സവം
മാനന്തവാടി: സംഘാടന മികവു കൊണ്ട് ശ്രദ്ധേയമായി സംസ്ഥാന സരഗോത്സവം. സാഹിത്യകാരൻ എം.ടി.യുടെ മരണത്തോടെ സംസ്ഥാന സർക്കാർ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം നടത്തിയതോടെ ഉദ്ഘാടനം ചടങ്ങ് ഒഴിവാക്കിയിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ മരണത്തോടെ സമാപന സമ്മേളനവും ഒഴിവാക്കി. ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയത് പൊലിമ കുറച്ചു എന്നതൊഴിച്ചാൽ സർഗോത്സവം അത്യന്തം ആവേശകരമായിത്തന്നെയാണ് നടന്നു വരുന്നതെന്ന് കൺവീനർ ജി. പ്രമോദ് പറഞ്ഞു.
കഴിഞ്ഞ നവംബർ 25 നാണ് മേളയുടെ ആദ്യ സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ചേർന്നത്. സർഗോത്സവത്തിന്റെ മികച്ച നടത്തിപ്പിനായി 16 ഉപകമ്മിറ്റികൾ രൂപീകരിച്ചു. യോഗത്തിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി 501 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. വയനാടിന്റെ മന്ത്രി കൂടിയായ ഒ.ആർ. കേളുവാണ് മുഖ്യ രക്ഷാധികാരി. ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രിയും വയനാട് ഐ.ടി.ഡി.പി. പ്രൊജക്‌ട് ഓഫീസർ ജി. പ്രമോദുമാണ് ജനറൽ കൺവീനർമാർ.
എല്ലാ കമ്മിറ്റികളും ഇടവേളകളിൽ ഓൺലൈനായും അല്ലാതെയും യോഗങ്ങൾ ചേർന്ന് അതത് സമയങ്ങളിൽ തീരുമാനങ്ങളെടുത്തു.
കുട്ടികൾക്ക് പരമാവധി പങ്കാളിത്തം ലഭിക്കുമെന്നാണ് സർഗ്ഗോത്സവത്തിൻ്റെ മുഖ്യഗുണമായി കാണുന്നത്. 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയും 118 ആദിവാസി ഹോസ്റ്റലുകളിലേയും കുട്ടികൾക്ക് മേളയുടെ പ്രയോജനം ലഭിക്കും. പൊതു മത്സര വേദികളിൽ പലപ്പോഴും മത്സരിക്കാൻ കഴിയാതെ വരുന്ന ഇവർക്ക് ഇതൊരു മികച്ച വേദിയും അവസരവുമാണ് നൽകുന്നത്. അന്യംനിന്നു പോകുന്ന തനത് കലാരൂപങ്ങളെ തനിമയോടെ നിലനിർത്താനും പുതിയ തലമുറകളിലേക്കും പകർന്ന് നൽകാനും ഇത്തരം സർഗോത്സവങ്ങൾ സഹായിക്കുമെന്ന് കൺവീനർ ജി. പ്രമോദ് വിശദീകരിച്ചു