വാഹന ഉടമ മരിച്ച ശേഷം ഉടമസ്ഥാവകാശം മാറ്റൽ; ഏകീകൃത രീതി ഏർപ്പെടുത്തി എംവിഡി
തിരുവനന്തപുരം: വാഹന ഉടമ മരിച്ച ശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിൽ ഏകീകൃത രീതി ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി.
വാഹന ഉടമ മരണപ്പെട്ട ശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വിവിധ ഓഫീസുകളിൽ വ്യത്യസ്‌ത രീതിയിലുള്ള നടപടിക്രമങ്ങളാണ് നിലവിൽ പാലിക്കുന്നത്. ജനത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഏകീകൃത രീതി വേണമെന്ന് വകുപ്പ് തീരുമാനമെടുത്തത്.
പുതിയ സർക്കുലർ പ്രകാരം ഉടമസ്ഥാവകാശം മാറ്റാനായി ആദ്യം വേണ്ടത് തഹസിൽദാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റാണ്. അതുമല്ലെങ്കിൽ ഏതെങ്കിലും കോടതിയിൽ നിന്ന് അനുവദിച്ച് നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളുടെയും സമ്മതത്തോടെ ഏതെങ്കിലും ഒരു അവകാശിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റാം. ഇതിനായി എല്ലാ വ്യക്തികളും രേഖാമൂലമുള്ള സത്യവാങ്‌മൂലം കൂടി നൽകണം.
അവസാന ഘട്ടം നേരിട്ട് ഹാജരാവുന്നതാണ്. അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളും തിരിച്ചറിയൽ രേഖയുമായി ആർടിഒക്ക് മുൻപാകെ ഹാജരായി ഒപ്പിടണം. അവകാശികളിലാരെങ്കിലും വിദേശത്താണെങ്കിൽ അയാളുടെ സമ്മതപ്രകാരം അടുത്ത ബന്ധു ഹാജരായി വീഡിയോ കാൾ വഴി ആർടിഒയുമായി കൂടിക്കാഴ്ച നടത്താം.