പുതുതലമുറയോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക അനിവാര്യം: ബേസില്‍ ജോസഫ്
മാനന്തവാടി: പുതുതലമുറയോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക അനിവാര്യതയാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകന്‍ ബേസില്‍ ജോസഫ്. വയനാട് സാഹിത്യോത്സവത്തില്‍ ‘എന്റെ നാടും നാട്ടുകാരും സിനിമകളും’ എന്ന സെഷനില്‍ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.തന്റെ എല്ലാ സിനിമകളിലും തന്റെ നാടുണ്ട്. ഈ നാടിന്റെയും മനുഷ്യരുടെയും കഥകള്‍ പറയാനാണ് ഇഷ്ടം. വയനാട് ആണ് തെന്റെ ശക്തി. ഇവിടത്തെ ഗ്രാമീണതയും സാംസ്‌കാരിക വൈവിധ്യങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ട്. മിന്നല്‍ മുരളി പോലൊരു സിനിമയ്ക്ക് ഇന്ത്യക്ക് പുറത്തും ആരാധകര്‍ ഉണ്ടായതില്‍ വയനാടിന്റെ പശ്ചാത്തലം ഒരു കാരണമാണ്.വയനാട്ടുകാരന്‍ ആയതിന്റെ പേരില്‍ പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. വയനാട് ആണ് നാട് എന്ന് പറയുമ്പോള്‍ ‘നിങ്ങളൊക്കെ വള്ളിയില്‍ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്’ എന്നൊക്കെ കളിയാക്കിവരുണ്ട്. ഒരു സിനിമ പുറത്തിറങ്ങുന്ന ദിവസംതന്നെ തിയേറ്ററില്‍ എത്തുന്നത് എക്കാലത്തും യുവാക്കളാണ്. അതിനാല്‍ത്തന്നെ പുതുതലമുറയോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപത്രങ്ങളെ സൃഷ്ടിക്കുകയെന്നത് അനിവാര്യതയാണ്. അങ്ങനെയാണ് കുറുക്കന്‍മൂല എന്ന കുഗ്രാമത്തില്‍ ‘അബിബാസ്’ എന്ന ഷര്‍ട്ട് ഇടുന്ന, അമേരിക്ക സ്വപ്നം കാണുന്ന ജയ്‌സണെ പോലുള്ള കഥാപാത്രങ്ങള്‍ പിറവിയെടുത്തത്.സ്ത്രീ ശക്തീകരണത്തിനു തല്ലുകൊള്ളുന്ന നായകന്‍ എന്നൊരു പരിഹാസം നേരിട്ടിട്ടുണ്ട്. ജയ ജയ ഹേ പോലുള്ള സിനിമകള്‍ ചെയ്യാന്‍ പ്രചോദനം ഭാര്യ എലിസബത്താണ്. പുരുഷ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന, തല്ലുകൊള്ളുന്ന, കരയുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകുന്നത് താനും അങ്ങനെയൊരു മനുഷ്യനായതുകൊണ്ടാണ്. നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ പ്രതികരിക്കുന്ന, സ്വയം പര്യാപ്തരായ പെണ്‍കുട്ടികള്‍ ഉണ്ടാകണം.സിനിമയുടെ പിന്നാലെ നടന്നിരുന്ന കാലം വേറേ വല്ല ജോലിയും ചെയ്ത് ജീവിച്ചുകൂടോ എന്ന് ചോദിച്ച അതേ നാട്ടുകാര്‍ തന്റെ ആദ്യ സിനിമയായ കുഞ്ഞിരാമയണം പുറത്തിറങ്ങിയപ്പോള്‍ പൊന്നാടയിട്ട് അഭിനന്ദിച്ചു. വയനാടിന്റെ ഗ്രാമീണ മേഖയില്‍നിന്നുള്ള മിഥുന്‍ മാനുവല്‍, സ്റ്റോഫി സേവ്യര്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇവരോടൊപ്പം വയനാട്ടില്‍ നിന്ന് തനതായൊരു സിനിമ ചെയ്യാന്‍ സാധ്യത ഉണ്ടാകാമെന്നും ബേസില്‍ പറഞ്ഞു.