Event More NewsFeature NewsNewsPopular News

‘കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ടൂറിസം, എഐ, സര്‍ഗാത്മക വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം’

മാനന്തവാടി: കേരളത്തിലെ തൊഴില്‍, സാമ്പത്തിക പ്രതിസന്ധികളെ നേരിടാനും പുതിയകാലത്തിനുസരിച്ച് വളര്‍ച്ച കൈവരിക്കാനുമുള്ള നിര്‍ദേശങ്ങളുമായി ഉദ്യോഗസ്ഥ, ബിസിനസ്, വ്യവസായ രംഗത്തെ പ്രമുഖര്‍. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ടൂറിസം, എഐ, സര്‍ഗാത്മക വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന്വയനാട് സാഹിത്യോത്സവത്തില്‍ ‘കേരളത്തിലെ വ്യവസായ പരിസ്ഥിതിയും വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ദേശം ഉയര്‍ന്നു.അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ് പോലുള്ള സര്‍ഗാത്മക വ്യവസായ മേഖലയിലും ജൈവശാസ്ത്ര ബിസിനസിലും വന്‍ സാധ്യതകള്‍ ഉള്ളതിനാല്‍ കേരളം അവയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് സഹായകമാണ്. ടൂറിസം മേഖലയിലെ വളര്‍ച്ച കേരളത്തിലെ പുതുതലമുറയ്ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമാണ്. സംസ്ഥാനത്തെ പുതുതലമുറയ്ക്ക് കേരളത്തില്‍ത്തന്നെ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക പ്രധാന ലക്ഷ്യമാകണമെന്നും ഡോ.വേണു പറഞ്ഞു.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ധനകാര്യ മേഖലയുടെ സമ്പന്നമായ ചരിത്രം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. സമ്പത്ത് സൃഷ്ടിക്കാനും സംരംഭകത്വം വളര്‍ത്താനും പ്രശ്‌നപരിഹാരക്ഷമത വികസിപ്പിക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂള്‍തലം മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം സേവന മേഖലയില്‍നിന്നാണ്. ടൂറിസം, ആരോഗ്യ പരിരക്ഷ, റീട്ടെയില്‍ ബിസിനസ്, ഓട്ടോമൊബൈല്‍സ്, ഐടി എന്നീ മേഖലകളാണ് സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത്. ആരോഗ്യ പരിരക്ഷയും ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട സാധ്യതകള്‍ കേരളത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്നുവരികയാണ്. ഐടി മേഖലയും റീട്ടെയില്‍ മേഖലയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുകയാണെന്നും തോമസ് ജോണ്‍ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.കേരളത്തില്‍ 9.8 ശതമാനം സ്‌കില്‍ഡ് കോഡര്‍മാര്‍ ഉള്ളപ്പോള്‍പോലുംഐടി മേഖലയില്‍ അവസരങ്ങള്‍ കുറവാണെന്ന് ക്വസ് കോര്‍പ് ചെയര്‍മാന്‍ അജിത് ഐസക് പറഞ്ഞു. ഫണ്ടിംഗ്, നൈപുണ്യ വികസനം, സ്‌കൂള്‍ തലത്തില്‍ കോഡിംഗ് പ്രോത്സാഹനം എന്നിവ സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റിയല്‍ എസ്റ്റേറ്റുംനിര്‍മാണ മേഖലകളും നേരിടുന്ന വെല്ലുവിളികള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ വി.എം. ജയദേവന്‍ ചൂണ്ടിക്കാട്ടി.ആഗോള ട്രെന്‍ഡുകള്‍ ശ്രദ്ധയില്‍പ്പെടാത്തപക്ഷം കേരളം പിന്നിലാകുമെന്ന് ഐഎംഇഎ ടെക്‌നോളജീസ് സിഇഒ അയൂബ് ചെക്കിന്തക്കത്ത് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ മനു പി. ടോംസ് മോഡറേറ്ററായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *