വയനാട് ടൗൺഷിപ്പ് നിർമാണം; ഊരാളുങ്കലിന് നൽകുന്നത് സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം• വയനാട് പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാരിന്റെ പരിഗണനയിൽ. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉയർന്ന നിലവാരത്തിലുള്ള രണ്ട് ടൗൺഷിപ്പുകളാണ് പണിയാൻ ഉദ്ദേശിക്കുന്നത്. നിർമാണ മേൽനോട്ടവും നിർമാണവും രണ്ട് ഏജൻസികളെ ഏൽപ്പിക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
സർക്കാർ തയ്യാറാക്കുന്ന പ്ലാനിൽ 1000 സ്ക്വയർ ഫീറ്റ് വീതം വിസ്തീർണമുള്ള ഒറ്റനില വീടുകളാവും നിർമിക്കുക. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്കോണിനെ നിർമാണ മേൽനോട്ടം ഏൽപ്പിച്ച് നിർമാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന. ടൗൺഷിപ്പ് നിർമാണത്തിന് കണ്ടെത്തിയ നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി തർക്കത്തിൽ ഈ 27ന് ഹൈക്കോടതി വിധി പറയും. അതിന് ശേഷമാകും തുടർനടപടികൾ ആരംഭിക്കുക.