ക്രിസ്മസ് ആഘോഷത്തിന്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ
ന്യൂ ഡൽഹി: തിരുപ്പിറവി ഓർമ പുതുക്കി ലോകം ക്രിസ്മസ് ആഘോഷത്തിൽ. സമാധാനത്തിൻ്റേയും സന്തോഷത്തിൻ്റെയും ക്രിസ്‌മസ് പുലരിയെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇരുപത്തിയഞ്ച് വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കൽ ചടങ്ങ് നടന്നത്. ഡിസംബർ 29ന് കത്തീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
അതേസമയം കേരളത്തിലും ക്രിസ്മസിനോട് ആഘോഷം പുരോഗമിക്കുകയാണ്. ക്രിസ്‌മസിന്റെ സന്തോഷം പങ്കിടാൻ സ്നേഹ മധുരവുമായി വൈദികർ പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമ മാത ചർച്ചിലെ വികാരി ഫാ. സെബാസ്റ്റ്യൻ ചെമ്പും കണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ക്രിസ്‌മസ് കേക്ക് സമ്മാനവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ജോസഫ് പാലക്കാടനും പള്ളി ഭാരവാഹികളും സന്നിഹിതരായിരുന്നു. പാണക്കാട് സ്വാദിഖലി തങ്ങളാണ് അതിഥികളെ സ്വീകരണ മുറിയിൽ സൽക്കരിച്ചിരുത്തിയത്. ഇരുവരും ക്രിസ്തുമസ് ആശംസകൾ കൈമാറി.
ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിന്റെ്റെ ബന്ധം എടുത്തു പറഞ്ഞ തങ്ങൾ ഒരോവർഷവും ഈ കൂടിക്കാഴ്ച്കൾ നൽകുന്ന സന്തോഷം ചെറുതല്ലെന്നും കൂട്ടിചേർത്തു. സമൂഹത്തിൽ സാമുദായിക സൗഹാർദം നിലനിറുത്താൻ ഇത്തരം ഒരുമിച്ചു ചേരലും മധുരം പങ്കിടലും അനിവാര്യമാണെന്നും തങ്ങൾ ഓർമിപ്പിച്ചു. ഇന്ന് കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദഖിലി തങ്ങൾ അറിയിച്ചു. എല്ലാവർഷവും ക്രിസ്തുമസ് പ്രമാണിച്ച് പാണക്കാട് സന്ദർശനം നടത്താറുണ്ടെന്നും മത സൗഹാർദം നിലനിർത്തുന്നതിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. പാണക്കാട്ടെ സന്ദർശനത്തിന് ശേഷം വൈദികർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയും സന്ദർശിച്ചു സ്നേഹ സമ്മാനം കൈമാറി.