വയനാട്സാഹിത്യോത്സവത്തിനു 26ന് ദ്വാരകയിൽതുടക്കം
മാനന്തവാടി: വയനാട് ലിറ്റററി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വയനാട് സാഹിത്യോത്സവത്തിന് ദ്വാരകയില്‍ 26ന് തുടക്കം. 29 വരെ നീളുന്ന സാഹിത്യോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായതായി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.വിനോദ് കെ. ജോസ്, സംഘാടക സമിതി കണ്‍വീനര്‍ ഷാജന്‍ ജോസ്, അംഗം വി.എം. ഷൈജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്പത് വേദികളില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ 450ഓളം സാഹിത്യ-കലാ-സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് മേള ഉള്‍പ്പെടെ പരിപാടികള്‍ക്കും വ്യാഴാഴ്ച സാഹിത്യോത്സവ നഗരിയില്‍ ആരംഭമാകും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തുണിത്തരങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നവര്‍ പങ്കെടുക്കുന്നതാണ് ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് മേള. ബുക്കര്‍ സമ്മാന ജേത്രി അരുന്ധതി റോയി, കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ.ശ്യാം ദിവാന്‍, അഡ്വ.ജി. മോഹന്‍ ഗോപാല്‍, കര്‍ഷക സമര നേതാവായ സുഖ്‌ദേവ് സിംഗ് കോക്രി തുടങ്ങി പ്രമുഖര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമാകും.
ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ആര്‍ട്ട് ബിനാലെ, സാഹിത്യ ക്വിസ്, പൈതൃക നടത്തം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ വിജ്ഞാനക്കളരി, ചെസ് ടൂര്‍ണമെന്റ്, പൂന്തോട്ട മത്സരം, ഫ്രാന്‍സ് കാഫ്കയുടെ നൂറാം വാര്‍ഷികത്തില്‍ ജര്‍മനിയിലെ ഗോഥെ ഇന്‍സ്റ്റിറ്റിയൂട്ട് തയാറാക്കിയ 45 മിനിട്ടുള്ള മള്‍ട്ടിമീഡിയ എക്‌സിബിഷന്‍, അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് തുടങ്ങിയവ വിവിധ സ്റ്റേജുകളില്‍ നടക്കും. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയ ര്‍സെക്കന്‍ഡറി സ്‌കൂള്‍, ദ്വാരക എയുപി സ്‌കൂള്‍, കാസ മരിയ എന്നിവിടങ്ങളിലാണ് വേദികള്‍.
വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലഭ്യമാകുന്ന ഭക്ഷണശാലകള്‍ നഗരിയില്‍ പ്രവര്‍ത്തിക്കും. പ്രശസ്ത പിന്നണി ഗായിക രശ്മി സതീഷ് നയിക്കുന്ന മ്യൂസിക്കല്‍ പെര്‍ഫോമന്‍സ്, സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ നയിക്കുന്ന ഗസല്‍ സന്ധ്യ, അര്‍ബന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ മ്യൂസിക്കല്‍ ബാന്‍ഡ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഫെസ്റ്റിവലില്‍ പങ്കെടുക്കാം. ഡെലിഗേറ്റ് പാസെടുക്കുന്നവര്‍ക്ക് 1,000 രൂപ വിലയുള്ള പുസ്തകം ഉള്‍പ്പെടുന്ന ബാഗ്, പ്രത്യേക സെഷനുകളിലേക്കുള്ള പ്രവേശനം, ഡബ്ല്യുഎല്‍എഫ് ടാഗ്, പുസ്തകശാലകളില്‍ പത്തു ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.