Feature NewsNewsPopular NewsRecent Newsവയനാട്

വന നിയമ ഭേദഗതിയിൽ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്

തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ മാറ്റത്തിനൊരുങ്ങി വനം വകുപ്പ് . എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്ത് പരിഗണിക്കും. 31ന് തീരുന്ന ഹിയറിങ്ങിനു ശേഷം മാറ്റങ്ങൾ വരുത്തും.

വനം ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമഭേദഗതിയിലെ ചില വ്യവസ്ഥകൾ പുനഃപരിശോധിക്കും. വകുപ്പ് 63(2) പുനഃപരിശോധിക്കുന്നതാണ് പരിഗണനയിൽ. ഫോറസ്റ്റ് ഓഫീസർമാരുടെ കർത്തവ്യ നിർവഹണത്തിൽ തടസ്സം സൃഷ്‌ടിക്കുന്ന ഏതൊരാളെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായി വന്നാൽ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്നതായിരുന്നു പുതിയ വ്യവസ്ഥ.

അതേസമയം ഭേദഗതിയുടെ മലയാള പരിഭാഷ ഇന്ന് പ്രസിദ്ധപ്പെടുത്തും. ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ മന്ത്രിസഭയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നതിനാൽ പിന്നോട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലെ കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിൻ്റെ നിലപാട് വിഷയത്തിൽ നിർണായകമാകും.

പതിനേഴാം തിയതി ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇതിന് മുന്നോടിയായാണ് ഭേദഗതിയുടെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഭേദഗതിയിന്മേൽ ഡിസംബർ 31 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. ഇ- മെയിൽ മുഖേനയും അല്ലാതെയും നിരവധി പരാതികളാണ് ഇതേവരെ വനം വകുപ്പിന് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *