കബനിയില്‍ ചുറ്റിയടിക്കാം: ചെറിയമലയില്‍ റിവര്‍ റാഫ്റ്റിംഗ് തുടങ്ങി
കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലുള്ള കുറുവ വിനോദസഞ്ചാരകേന്ദ്രത്തിലെ ചെറിയമല ഭാഗത്ത് റിവര്‍ റാഫ്റ്റിംഗ് ആരംഭിച്ചു. ഇതിനു നിര്‍മിച്ച നാല് ചെറുചങ്ങാടങ്ങള്‍ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ നീറ്റിലിറക്കി. കുറുവ ദ്വീപുകളുടെ നൈസര്‍ഗിക സൗന്ദര്യം ആസ്വദിച്ച് കബനി നദിയിലൂടെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് റാഫ്റ്റിംഗിലൂടെ ഒരുക്കിയത്.ഒരേസമയം അഞ്ച് മുതല്‍ 10 വരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്നതാണ് ചെറുചങ്ങാടങ്ങള്‍. അഞ്ചുപേര്‍ക്ക് 20 മിനിറ്റ് റിവര്‍ റാഫ്റ്റിംഗിന് 400 രൂപയാണ് ഫീസ്. അധികമുള്ള ഓരോ ആളിനും നൂറു രൂപ വീതം നല്‍കണം. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് റാഫ്റ്റിംഗ് നടത്തുക. കുറുവ വന സംരക്ഷണ സമിതിയിലെ പരിചയസമ്പന്നരാണ് ചങ്ങാടം തുഴയുക. ഒരു ചങ്ങാടത്തില്‍ ഒരു തുഴച്ചില്‍കാരനാണ് ഉണ്ടാകുക. സഞ്ചാരികള്‍ക്ക് ഇഷ്ടാനുസരണം നദിയില്‍ കിഴക്ക്, പടിഞ്ഞാറ് ദിശകളില്‍ യാത്രചെയ്യാം. കിഴക്കോട്ട് ഒഴുകി കാവേരിയില്‍ ചേരുന്നതാണ് കബനി നദി. കര്‍ണാടകയിലെ തിരുമകുടല്‍ നര്‍സിപുരിലാണ് കബനി കാവേരിയില്‍ സംഗമിക്കുന്നത്.ദക്ഷിണേന്ത്യയിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദമാണ് കുറുവ. പ്രകൃതിദൃശ്യങ്ങളും ശുദ്ധവായുവും ജൈവവൈവിധ്യ സമൃദ്ധിയുമാണ് കുറുവ വിനോദസഞ്ചാരകേന്ദ്രത്തിന്റെ സവിശേഷത. 388ല്‍പരം ഇനം സസ്യജാലങ്ങളുടെ സാന്നിധ്യം കുറുവ ദ്വീപുകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വംശനാശം നേരിടുന്നതടക്കം 57 ഇനം ഓര്‍ക്കിഡുകള്‍ കുറുവയിലുണ്ട്. 92 ഇനം വന്‍മരങ്ങളാണ് ദ്വീപുകളില്‍ തണല്‍വിരിക്കുന്നത്. 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നനവാര്‍ന്ന ഇലപൊഴിക്കും കാട് കുറുവയുടെ പ്രത്യേകയാണ്. അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥയുമാണ് കുറുവ ദ്വീപുകള്‍. ചെറുതും വലുതുമായ 70ല്‍ പരം തുരുത്തുകളാണ് കുറുവയിലുള്ളത്. ഇതില്‍ കബനി നദിയിലെ പാല്‍വെളിച്ചത്തിനും ചെറിയമലയ്ക്കും ഇടയിലുള്ള രണ്ട് വലിയ തുരുത്തുകളിലാണ് ടൂറിസം. നേരത്തേ ഏഴ് തുരുത്തുകളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ജൈവ വൈവിധ്യ സംരക്ഷണവും സന്ദര്‍ശകരുടെ സുരക്ഷയും കണക്കിലെടുത്താണ് വിനോദസഞ്ചാരം രണ്ട് ദ്വീപുകളില്‍ മാത്രമാക്കിയത്.പയ്യമ്പള്ളി പാല്‍വെളിച്ചം, പുല്‍പ്പള്ളി പാക്കം ചെറിയമല ഭാഗങ്ങളിലൂടെയാണ് സഞ്ചാരികള്‍ക്ക് കുറുവ ദ്വീപില്‍ പ്രവേശനം. വിനോദസഞ്ചാരകേന്ദ്രത്തില്‍ ദിവസം അനുവദിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പാല്‍വെളിച്ചം വഴി 245ഉം ചെറിയമല ഭാഗത്തുകൂടി 244ഉം പേര്‍ക്കാണ് ദിവസം പ്രവേശനം. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. വിനോദയാത്രയ്ക്ക് എത്തുന്ന മുഴുവന്‍ പേര്‍ക്കും ദ്വീപില്‍ പ്രവേശനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനു പരിഹാരം എന്ന നിലയിലാണ് റിവര്‍ റാഫ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. ദ്വീപില്‍ പ്രവേശനത്തിന് ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ചെറുചങ്ങാടത്തില്‍ ഉല്ലാസയാത്ര നടത്താം. കബനി നദിയുടെ ചെറിയമല, പാല്‍വെളിച്ചം ഭാഗങ്ങളില്‍നിന്നു വലിയ ചങ്ങാടങ്ങളിലാണ് സഞ്ചാരികളെ ദ്വീപില്‍ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് സഞ്ചാരികള്‍ക്കു ദ്വീപില്‍ പ്രവേശനം