Feature NewsNewsPopular NewsRecent Newsവയനാട്

നിക്ഷയ്ശിവിർക്ഷയരോഗനിർമാർജനക്യാമ്പെയിൻ തുടങ്ങി

കൽപറ്റ: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നിക്ഷയ് ശിവിര്‍ ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പെയിന്‍ തുടങ്ങി. നൂറു ദിന കര്‍മ പദ്ധതി കല്‍പറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രീകൃത ഇടപെടലിലൂടെ ക്ഷയരോഗ നിര്‍ണ്ണയം ത്വരിതപ്പെടുത്തുക, സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ ക്ഷയരോഗ പകര്‍ച്ച ഇല്ലാതാക്കുക, ക്ഷയരോഗ മരണങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് നിക്ഷയ് ശിവിറിന്റെ ലക്ഷ്യം. ക്ഷയരോഗ ചികിത്സക്ക് ആവശ്യമായ സാമൂഹിക, വൈകാരിക, പോഷകാഹാര പിന്തുണ ലഭ്യമാക്കുകയും കൂടുതല്‍ നിക്ഷയ് മിത്ര ദാതാക്കളെ കണ്ടെത്തുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ച്ചയായ 100 ദിവസത്തെ ഊര്‍ജിത ക്യാമ്പയിനാണ് നിക്ഷയ് ശിവിര്‍ എന്ന പേരില്‍ നടപ്പിലാക്കുന്നത്. 2023 ല്‍ ജില്ലയില്‍ ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകളായി തിരഞ്ഞെടുക്കപ്പെട്ട തരിയോട്, പനമരം,വെങ്ങപ്പള്ളി,പടിഞ്ഞാറത്തറ,പൂതാടി,തവിഞ്ഞാല്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷയ രോഗ ബോധവല്‍ക്കരണ വീഡിയോകളുടെ പ്രകാശനം ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍വഹിച്ചു. നിക്ഷയ് മിത്ര ദാതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ പി ദിനീഷ് , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ജില്ലാ ക്ഷയ രോഗ ഓഫിസര്‍ ഡോ .പ്രിയ സേനന്‍ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ.വിമല്‍ രാജ് ക്ഷയരോഗ മുക്ത കര്‍മ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലോകാരോഗ്യ സംഘടനാ കണ്‍സൽറ്റന്റ് ഡോ ടി .എന്‍.അനൂപ് കുമാര്‍ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *