ഞാറ് നടീൽ മാത്രമല്ല കൊയ്ത്തിനും നിർമ്മല മാതാ പബ്ലിക് സ്കൂൾ
ബത്തേരി: വയൽ നാടിൻ്റെ തനത് കൃഷിയെ പരമ്പരാഗത രീതിയിൽ അനുഭവിച്ചറിയാനായി നിർമ്മല മാതാ പബ്ലിക് സ്‌കൂൾ നല്ല പാഠത്തിൻ്റെയും എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ കൊയ്ത്തു ഉത്സവത്തിന് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സ്കൂളിലെ രക്ഷിതാവും വർഷങ്ങളായി കാർഷിക പാരമ്പര്യവും ഉള്ള ബിനുരാജ് വടക്കനാടിന്റെ നേതൃത്വത്തിലാണ് കൊയ്ത്ത് നടത്തിയത്. സ്‌കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ, പ്രിൻസിപ്പാൾ ഡോ. ഗീതാ തമ്പി എന്നിവർ ചടങ്ങിൽ സംസാരിച്ചു. നല്ല പാഠം, എക്കോ ക്ലബ് കോർഡിനേറ്റർമാരായ എം പി സൗമ്യ, പി എസ് ഷീന മോൾ, ഹിൽഡ തോമസ്, ലിനെറ്റ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വയൽ ഉഴുത് ഞാറ് നട്ട് നെൽച്ചെടിയുടെ വിവിധ ഘട്ടങ്ങളിലൂടെയുള്ള വളർച്ചയിലൂടെ കടന്നുപോയി കൊയ്ത്‌തുവരെയുള്ള കാര്യങ്ങൾ അനുഭവിച്ചു അറിയാൻ കുട്ടികൾക്ക് അവസരം ഉണ്ടായി.