വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ പ്രതിഷേധം
ഡൽഹി: ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം. പി. മാർ വയനാട് എം. പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തി. വയനാടിനു കേന്ദ്ര സർക്കാരിന്റെ സഹായത്തിനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ബോധ്യപ്പെടുത്തുന്നത് ഉൾപ്പടെ സാധ്യമായ എല്ലാം ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യത്തോടെ ദുരന്തബാധിതർക്ക് ലഭിക്കേണ്ട സഹായം നിഷേധിക്കുകയാണ്. വയനാട്ടിലെ ജനങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രകൃതി ദുരന്തങ്ങളിൽ അവരോടു വിവേചനം കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കേണ്ട സന്ദർഭങ്ങളുണ്ട്. ആ സന്ദർഭത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്ന് അവർ ഓർമിപ്പിച്ചു. സർക്കാരിന്റെ നടപടിയും കേരളത്തിലെ എം. പി. മാർ നിരാശയിലാണെന്നും സർക്കാർ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു