വ്യാപാരികള്‍ക്ക് പുനരുജ്ജീവനത്തിന്റെ പാതയില്‍ കൈത്താങ്ങായി ഏകദിനപരിശീലനം
മേപ്പാടി: ഉരുള്‍പൊട്ടലില്‍ വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപെട്ട മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തെ വ്യാപാരികള്‍ക്ക് പുനരുജ്ജീവനത്തിന്റെ പാതയില്‍ കൈത്താങ്ങായി ഏകദിന പരിശീലനം. ‘അറൈസ് മേപ്പാടി’ പദ്ധതിയുടെ ഭാഗമായി പീപ്പിള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത് ‘ലീഡ് കോളേജ് ഡയറക്ടറും പ്രമുഖ പരിശീലകനുമായ ഡോ. തോമസ് ജോര്‍ജ് ക്ലാസ്സ് നയിച്ചു. മുണ്ടക്കായ് ചൂരല്‍മല പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന 69 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ വ്യാപാരികളുടെ മനസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളെ മറികടക്കാനുള്ള മനോഭാവം വളര്‍ത്തുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ആത്മവിശ്വാസം നല്‍കുന്നതിനുമായിരുന്നു പരിശീലനം. ഉരുള്‍പൊട്ടല്‍ ദുരിതത്തില്‍ നിന്ന് കര കയറാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് പരിശീലനപരിപാടി വളരെ പ്രയോജനപ്രദമായിരുന്നു. ഭാഗികമായോ പൂര്‍ണമായോ നശിച്ച 96 ബിസിനസ് സ്ഥാപനങ്ങള്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ കണ്ടെത്തിയതായി ചടങ്ങില്‍ അധ്യക്ഷം വഹിച്ച പീപ്പിള്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം അബ്ദുല്‍ മജീദ് പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ പുനര്‍ജീവനം ‘അറൈസ് മേപ്പാടി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുമായി പുനരുദ്ധാരണ പദ്ധതി ചര്‍ച്ച ചെയ്തു. ആവശ്യമായ മൂലധനം എത്രയെന്ന് വിലയിരുത്തി. വിവിധ ഏജന്‍സികള്‍ നല്‍കിയ സഹായങ്ങള്‍ മനസ്സിലാക്കി. ബാക്കി ആവശ്യമായ തുക നല്‍കിയാണ് പീപ്പിള്‍ ഫൗണ്ടേഷന്‍ സഹായിക്കുന്നത്. ആവശ്യത്തിന് സഹായം ലഭിച്ചവര്‍ക്ക് വീണ്ടും സഹായം നല്‍കുന്നില്ല. ഇതിനകം 65 സ്ഥാപനങ്ങള്‍ക്ക് 115 ലക്ഷം രൂപയുടെ സഹായധനം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങള്‍ പുനസ്ഥാപിക്കുന്നുവെന്നും ആരോഗ്യപരമായി മുന്നോട്ടു പോകുന്നുവെന്ന് ഉറപ്പുവരുത്തും. ആവശ്യമായ ഹാന്‍ഡ് ഹോള്‍ഡ് സര്‍വീസ് നല്‍കും. ഇതിനായി ഫീല്‍ഡ് കോഡിനേറ്ററെ നിയമിച്ചിട്ടുണ്ട് .ഇതിനകം ലഭിച്ച കണക്കുകള്‍ പ്രകാരം 46 സ്ഥാപനങ്ങള്‍ പുനരാരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയ്, ലീഡ് കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രതീഷ്, പീപ്പിള്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അയ്യൂബ് തിരൂര്‍, പീപ്പിള്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ രക്ഷാധികാരി ടിപി യൂനുസ്, പ്രോജക്ട് ഡയറക്ടര്‍ ഡോ. നിഷാദ്, ജില്ലാ കോഡിനേറ്റര്‍ സി.കെ സെമീര്‍, പ്രോജക്ട് കോഡിനേറ്റര്‍ മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.