കലോത്സവം സ്വാഗത ഗാനത്തിന് പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; പണത്തോടുള്ള ആർത്തിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി
കലോത്സവത്തിലൂടെ വളർന്നുവന്ന നടിയാണ് പണം ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.പണത്തോടുള്ള ആർത്തിയാണ് ചിലർക്ക്. പണം കൊടുക്കില്ലെന്ന് പറഞ്ഞു അവരെ ഒഴിവാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമർശം.16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കാനിരിക്കുന്ന കലോത്സവത്തിൽ അവതരണം ഗാനം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് നടിയെ സമീപിച്ചത്. കുട്ടികളെ പഠിപ്പിക്കാമെന്ന് നടി സമ്മതിക്കുകയും ചെയ്തു. എന്നാൽ 10 മിനിറ്റ് നേരത്തേയ്ക്കുള്ള ഗാനം പഠിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ ഇവർ പ്രതിഫലമായി ചോദിക്കുകയായിരുന്നു.വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഈ സംഭവം ഏറെ വേദനിപ്പിച്ചു. ഇത്രയും വലിയ തുക നൽകി കുട്ടികളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.നമ്മുടെ ചുറ്റും നിരവധി നൃത്ത അധ്യാപകരുണ്ട്.സാമ്പത്തിക മോഹികളല്ലാത്ത നൃത്ത അധ്യാപകരെ ഉപയോഗിച്ച് സ്വാഗതഗാനംപഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.