നിര്‍മല പ്രൊവിന്‍സിലെ സന്യാസിനികള്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു
കല്‍പ്പറ്റ: മാനന്തവാടി എസ്എച്ച് നിര്‍മല പ്രൊവിന്‍സിലെ സന്യാസിനികള്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സന്ദര്‍ശനം. മുനമ്പം ജനതയ്ക്ക് സ്വന്തം വസ്തുവിലുള്ള എല്ലാ അവകാശങ്ങളും അനുവദിക്കുക, പൗരന്‍മാരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുക, വഖഫ് നിയമം ഭേദഗതി ചെയ്യുക, മുനമ്പം ജനത അനുഭവിക്കുന്ന ഗൂഢ നിയമക്കുരുക്ക് ലോകത്തെ അറിയിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സന്യാസിനികള്‍ മുനമ്പത്തേക്ക് പുറപ്പെട്ടത്.എസ്എച്ച് സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി പോള്‍ സമരപ്പന്തലില്‍ പ്രസംഗിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ പൗരന്‍മാര്‍ക്ക് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് അവര്‍ പറഞ്ഞു. ഒരായുസില്‍ നേടിയ വസ്തുവകകള്‍ നഷ്ടപ്പെടുന്നത് മരണത്തിനു തുല്യമാണ്. തലമുറയ്ക്കുവേണ്ടി സമ്പാദിച്ചത് ഒരിക്കലും നഷ്ടപ്പെടാന്‍ അനുവദിക്കരുത്. രാജ്യത്ത് ഒരിടത്തും മുനമ്പം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. പ്രൊവിന്‍സ് വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ മേഴ്‌സി മാനുവല്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ലൂസി തറപ്പത്ത്, സിസ്റ്റര്‍ ദിവ്യ വട്ടുകുളം, ആന്റണി മണവാളന്‍ എന്നിവരും പ്രസംഗിച്ചു