വയനാട് ബൈസിക്കിൾ ചലഞ്ച് ഡിസംബർ 1ന് നടക്കും.
കൽപ്പറ്റ: വയനാട് ബൈസിക്കിൾ ചലഞ്ചിൻ്റെ മൂന്നാംഎഡിഷൻ ഡിസംബർ 1ന് നടക്കും.കഴിഞ്ഞ രണ്ടുവർഷമായി വയനാട് ബൈക്കേഴ്സ് ക്ലബ് നടത്തിവരുന്ന വയനാട് ബൈസിക്കിൾ ചലഞ്ച് കേരളത്തിലും, രാജ്യത്തും, വിദേശ രാജ്യങ്ങളിലും ഒക്കെയുമുള്ള നിരവധി സൈക്ലിസ്റ്റുകളുടെ ആവേശകരമായപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഡിസംബർ ഒന്നിന് രാവിലെ 6 മണിക്ക്കൽപ്പറ്റ കെ.എം ഹോളിഡേയ്‌സിന്റെ പരിസരത്തു നിന്നും ആരംഭിക്കുന്ന സൈക്കിൾ റൈഡ് മുട്ടിൽ, മേപ്പാടി, ചുണ്ടേൽ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി വഴി കൽപ്പറ്റ വെയർഹൗസ് ജംഗ്ഷനു സമീപം അവസാനിക്കും. സമാപന പരിപാടികളും സമ്മാനദാനവും കൽപ്പറ്റ കെ.എം ഹോളിഡേയ്‌സിൽ നടക്കും. വയനാടിൻ്റെ ദൃശ്യഭംഗിയും സമ്പന്നമായ പശ്ചിമഘട്ടത്തിൻ്റെ ജൈവ വൈവിധ്യവും ആസ്വദിക്കാവുന്ന തരത്തിലാണ് വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതാണ്ട് 51 കിലോമീറ്റർ ദൂരം വരുന്ന ഈ പാതയിൽ വയനാടിൻ്റെ ഗ്രാമീണ പാതകൾ, തോട്ടങ്ങൾ, മലമ്പാതകൾ ഒക്കെ ഉൾപ്പെടുന്നു.പ്രകൃതിരമണീയമായ കാലാവസ്ഥയും ആരെയും മോഹിപ്പിക്കുന്ന ദൃശ്യഭംഗിയും പ്രകൃതി ജന്യമായ നിരവധി സൈക്കിൾ ട്രാക്കുകളും കൊണ്ട് സമ്പന്നമായ വയനാടിനെ ഒരു സൈക്ലിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വയനാട് ബൈസിക്കിൾ ചലഞ്ച് സംഘടിപ്പിക്കുന്നത്.സൈക്ലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ക്ലബ് എന്ന നിലയിൽ രൂപീകരണകാലം മുതൽ തന്നെ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് ഈ രംഗത്ത് നിരവധി പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. ഒരു കായിക ഇനമെന്ന നിലയിൽ സൈക്കിളിങ്ങിൽ പിന്നോക്ക ജില്ലയായ വയനാട്ടിൽ നിന്നും സംസ്ഥാന ദേശീയ താരങ്ങളുടെ പിറവിക്കും ഉയർച്ചക്കും വയനാട് ബൈക്കേഴ്സ് ക്ലബിൻ്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്. ടൂറിസം രംഗത്തെ പ്രോത്ഹാഹിപ്പിക്കുന്നതിനും മറ്റു സാമൂഹിക സംസ്കാരിക പരിപാടികളുടെ പ്രചരണാർത്ഥവും നിരവധി സൈക്കിൾ റൈഡുകളും വയനാട് ബൈക്കേഴ്സ് ക്ളബ് സംഘടിപ്പിച്ചിട്ടുണ്ട്.സൈക്ലിംഗ് ഒരു വിനോദമായി കൊണ്ടുനടക്കുന്നവരെയും പ്രൊഫഷണൽ ആയി ഇതിനെ സമീപിക്കുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വയനാട് ബൈസിക്കിൾ ചലഞ്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികളും വനിതകളും കഴിഞ്ഞ കാലങ്ങളിൽ വയനാട് ബൈസിക്കിൾ ചലഞ്ചിൻ്റെ ഭാഗമാകാറുണ്ട് . ലോക ടൂറിസ്റ്റ് ഭൂപടത്തിൽ അവഗണിക്കാനാവാത്ത സ്ഥാനമുള്ള വയനാടിനെ ഇത്തരം പരിപാടികൾ കൂടുതൽ ആകർഷണീയവും ശ്രദ്ധാകേന്ദ്രവും ആക്കുമെന്ന കാര്യത്തിൽ തർക്കമില്ലല്ലെന്നും സംഘാടകർ പറഞ്ഞു.വലിയൊരു ദുരന്തത്തിൻ്റെ മായാത്ത മുറിപ്പാടുകൾ നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടെങ്കിലും അതിൽനിന്നൊക്കെ കരകയറാനുള്ള വയനാടൻ ജനതയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം കൂടിയായി വയനാട് ബൈസിക്കിൾ ചലഞ്ച് മാറണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സംഘാടകർ പറഞ്ഞു