ഓട്ടോക്കൂലി 70 രൂപ അധികം വാങ്ങി: ഓട്ടോ ഡ്രൈവര്‍ക്ക് 5, 500 രൂപ പിഴ
യാത്രക്കാരനില്‍ നിന്നും ഓട്ടോറിക്ഷ ചാർജജയി 70 രൂപ അധികം വാങ്ങിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവർക്ക് 5, 500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്.
ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.കുടുംബമൊന്നിച്ച് പുതുവൈപ്പിനില്‍ നിന്നും പാലാരിവട്ടത്തേക്ക് യാത്ര ചെയ്ത യുവാവില്‍ നിന്നും ഓട്ടോ ഡ്രൈവർ പുതുവൈപ്പ് സ്വദേശി പ്രജിത് ഓട്ടോക്കൂലി 350 രൂപക്ക് പകരം 420 രൂപ വാങ്ങുകയായിരുന്നു.അധികം വാങ്ങിയതിനെ ചൊല്ലി ഇരു കൂട്ടരും തമ്മില്‍ തർക്കം നടന്നു.തുടർന്ന് യാത്രക്കാരൻ ഗതാഗത മന്ത്രിക്ക് മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി എറണാകുളം ആർ.ടി.ഒ ടി.എം. ജേഴ്സന് നിർദേശം നല്‍കുകയായിരുന്നു.അസി.മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടർ എൻ.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തി ആർ.ടി.ഒക്ക് മുൻപില് ഹാജരാക്കി.
ഓട്ടോയില്‍ കണ്ടത്തിയ അധിക ഫിറ്റിംങ്ങ്സിനും യാതക്കാരനോട് മോശം പെരുമാറ്റം നടത്തിയതിനും, അമിത കൂലി വാങ്ങിയതിനുമായി 5,500 രൂപ പിഴ ചുമത്തുകയും ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും ആർ.ടി.ഒ ഉത്തരവിട്ടു.