Event More NewsFeature NewsNewsPopular News

വനത്തിൽ കുടുങ്ങിയ സ്ത്രീകൾക്കായി തെരച്ചിൽ തുടരുന്നു; വെല്ലുവിളിയായി കാട്ടാനക്കൂട്ടം

വനത്തിൽ കുടുങ്ങിയ സ്ത്രീകൾക്കായി തെരച്ചിൽ തുടരുന്നു. കോതമംഗലം കുട്ടമ്പുഴ ഭാഗത്താണ് തെരച്ചിൽ നടത്തുന്നത്. കാട്ടാനക്കൂട്ടം തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. തെരച്ചിലിന് കൂടുതൽ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.നാല് സംഘങ്ങളായിരുന്നു ആദ്യം തെരച്ചിലിന് ഇറങ്ങിയത്. ഇതിൽ രണ്ട് സംഘം മടങ്ങിയെത്തി. ‘ഒരു ടീമിൽ പതിനഞ്ചും മറ്റേതിൽ എട്ട് പേരുമാണ് ഉള്ളത്. സ്ത്രീകൾ സേഫ് ആയിട്ടുള്ള സ്ഥലത്തെവിടെയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെല്ലാവരും.’- വാർഡ് മെമ്പർ ജോഷി പറഞ്ഞു. വൈകാതെ തന്നെ കൂടുതലാളുകൾ തെരച്ചിലിനായി ഇറങ്ങും. തെർമൽ ഇമേജിംഗ് ക്യാമറ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്.കാണാതായ പശുവിനെ തെരഞ്ഞ് വനത്തിനുള്ളിലേക്ക് പോയ മൂന്ന് സ്ത്രീകളെയാണ് കാണാതായത്. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്.മായയുടെ പശുവിനെ ബുധനാഴ്ചയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് പശുവിനെ തെരഞ്ഞ് സ്ത്രീകൾ വീട്ടിൽ നിന്ന് പോയത്. എന്നാൽ വൈകിട്ടോടെ പശു വീട്ടിൽ തിരിച്ചെത്തി. വൈകിട്ട് നാല് മണിയോടെ മായാ ജയന്‍ ഭർത്താവുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. വഴി തെറ്റി ആനക്കൂട്ടത്തിന് ഇടയിൽ പെട്ടതാകാമെന്നും ഇപ്പോൾ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമാണ് കാണാതായവരുടെ ബന്ധുക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *