വർണോത്സവം:കലാമത്സരം ഡിസംബർ ഏഴിന് കൽപ്പറ്റയിൽ
കല്‍പ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന വര്‍ണോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങും. ലളിതഗാനം, കവിതാലാപനം, മിമിക്രി, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിലാണ് മത്സരമെന്ന് സമിതി സെക്രട്ടറി കെ. രാജന്‍, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദ്ദീന്‍, ട്രഷറര്‍ കെ. സത്യന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി. ജയരാജന്‍, പി.ആര്‍. ഗിരിനാഥന്‍, പി. ഗീത, ഓഫീസ് സ്റ്റാഫ് പി.ഡി. വിബിന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം.ഒരു വിദ്യാലയത്തില്‍നിന്നു ഒരിനത്തില്‍ രണ്ടുപേര്‍ക്കും ഒരു കുട്ടിക്ക് രണ്ടിനങ്ങളിലും പങ്കെടുക്കാം. സംഘഗാനം ഒഴികെ ഇനങ്ങളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരം ഉണ്ടാകും.സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാമത്സരത്തിന്റെ ജില്ലാതല മത്സരം ഡിസംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. കുട്ടികളെ ജനറല്‍ വിഭാഗത്തില്‍ 5-8, 9-12, 13-16, പ്രത്യേക ശേഷി വിഭാഗത്തില്‍ 5-10, 11-18 വയസ് എന്നിങ്ങനെ തിരിച്ചാണ് മത്സരങ്ങള്‍. പങ്കെടുക്കുന്നവര്‍ വിദ്യാലയ അധികൃതരുടെ സാക്ഷ്യപത്രവും പ്രത്യേക ശേഷി വിഭാഗത്തിലുള്ളവര്‍ അക്കാര്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കരുതണം. ചിത്രം വരയ്ക്കുള്ള കടലാസ് സമിതി നല്‍കും. മറ്റു സാമഗ്രികള്‍ കൊണ്ടുവരണം. ജലച്ചായം, എണ്ണച്ചായം, പെന്‍സില്‍ എന്നീ മാധ്യമങ്ങള്‍ രചനയ്ക്ക് ഉപയോഗിക്കാം. ഓരോ വിഭാഗത്തിലും ആദ്യ അഞ്ച് സ്ഥാനക്കാരുടെ രചനകള്‍ സംസ്ഥാനതല മത്സരത്തിന് അയയ്ക്കും. ഫോണ്‍: 9048010778, 9496344025.