Event More NewsFeature NewsNewsPopular News

കഴുത്തില്‍ കയർ കുരുങ്ങി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയർ കുരുങ്ങി സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചത് കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ.

മരം വെട്ടുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ പിന്നിലേക്ക് തെറിച്ചുവീണാണ് ദാരുണാന്ത്യം.

തകഴി കുന്നമ്മ കുറുപ്പഞ്ചേരി സെയ്ദ് കുഞ്ഞിന്റെ മകന്‍ സിയാദ് (31) ആണ് കയർ കുരുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷിബിന, മക്കളായ സഹറന്‍, നീറാ ഫാത്തിമ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ്. സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം.

പായിപ്പാട്ടുളള സഹോദരിയുടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു സിയാദും കുടുംബവും. റോഡുവശത്തെ അക്വേഷ്യ മരം വെട്ടുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കയര്‍ വഴിക്കുകുറുകെ വലിച്ചുകെട്ടിയിരുന്നു. മരം വെട്ടിയിടുമ്ബോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളികളാരും റോഡില്‍ നിന്നതുമില്ല.

കയര്‍ പെട്ടെന്ന് കാഴ്ചയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നതായി തിരുവല്ല ഡിവൈ.എസ്.പി പറഞ്ഞു. സിയാദിന്റെ കഴുത്ത് കയറില്‍ ശക്തിയില്‍ കുരുങ്ങി വലിഞ്ഞതോടെ 15 അടിയോളം പിന്നിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യക്കും മക്കള്‍ക്കും നിസാര പരിക്കുകളാണ് ഉള്ളത്. പെയിന്റിങ് തൊഴിലാളിയാണ് സിയാദ്. മാതാവ്: ഐഷ.

Leave a Reply

Your email address will not be published. Required fields are marked *