Feature NewsNewsPopular NewsRecent NewsSports

ചെന്നൈയിൻ എഫ്.സി.യെഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു :വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ളാസ്റ്റേഴ്സ്

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകർത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും തോറ്റതിന്റെ ക്ഷീണംതീർക്കാൻകൂടിയായി ബ്ലാസ്റ്റേഴ്സിന്. സ്പാനിഷ് താരം ജെസ്യൂസ് ജിമെനസ്, മൊറോക്കോ താരം നോഹ സദോയ്, രാഹുല്‍ കെ.പി. എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്.
ഗോള്‍ അകന്നുനിന്ന ആദ്യ പകുതിക്കുശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. 56-ാം മിനിറ്റില്‍ കൊറോ സിങ്ങില്‍നിന്ന് ലഭിച്ച പന്ത്, വലംകാല്‍ ഷൂട്ടിലൂടെ വലയ്ക്കകത്തേക്ക് കടത്തി ജിമെനസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. (1-0). 70-ാം മിനിറ്റില്‍ ബോക്സിന്റെ മധ്യത്തില്‍നിന്നുതിർത്ത ഇടംകാല്‍ ഷോട്ടിലൂടെ സദോയ് ആതിഥേയരുടെ ലീഡുയർത്തി (2-0). ഇൻജുറി ടൈമില്‍ ബോക്സിന്റെ മധ്യത്തില്‍നിന്ന് ഉതിർത്ത ഇടംകാല്‍ ഷൂട്ടിലൂടെ രാഹുല്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍നേട്ടം പൂർത്തിയാക്കി. നോഹ സദോയ് ആണ് അസിസ്റ്റ് നല്‍കിയത്.
കളിയുടെ ആരംഭത്തില്‍ മുന്നേറ്റങ്ങളും ഗോള്‍ ശ്രമങ്ങളുമായി ചെന്നൈയാണ് മികച്ചുനിന്നത്. ചെന്നൈ അതിവഗേത്തിലുള്ള നീക്കങ്ങള്‍ നടത്തിയപ്പോള്‍ പതിഞ്ഞ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ പിന്നീട് ബ്ലാസ്റ്റേഴ്സ് പന്തടക്കത്തോടെ കളിച്ചു. ആദ്യപകുതിയില്‍ ഏറിയ പങ്കും പന്ത് ബ്ലാസ്റ്റേഴ്സിന്റെ കാലിലായിരുന്നു. എന്നാല്‍ ഗോള്‍ ശ്രമങ്ങളില്‍ ചെന്നൈ മുന്നില്‍നിന്നു. എങ്കിലും ആർക്കും ലീഡില്ലാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാംപകുതിയില്‍ രണ്ട് ഗോളുകളോടെ ബ്ലാസ്റ്റേഴ്സ് നിർണായകമായ മൂന്ന് പോയന്റ് നേടുകയായിരുന്നു. ഒൻപത് കളിയില്‍നിന്ന് 11 പോയിന്റുകളോടെ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ എട്ടാമതെത്തി. നേരത്തേ പത്താമതായിരുന്നു. 12 പോയിന്റോടെ ചെന്നൈ നാലില്‍നിന്ന് ആറാംസ്ഥാനത്തേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *