വയനാട് ദുരന്തം: സംസ്ഥാനം സഹായം ചോദിച്ചത് ഈ മാസം 13 മാത്രമെന്ന് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ; 153 കോടി അനുവദിച്ചെന്ന് കേന്ദ്രം
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ശേഷം സംസ്ഥാനം തങ്ങളോട് സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. എസ്ഡിആർഎഫിലേക്ക് 153 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തത്തിന് ശേഷം പണം അനുവദിക്കുന്നതിൽ ചട്ടപ്രകാരമുള്ള നടപടികൾ ഇപ്പോഴും പുരോഗമിക്കുന്നുവെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. കേന്ദ്രം സഹായം നൽകാതെ വയനാടിനെ വഞ്ചിച്ചുവെന്ന ആരോപണത്തിനിടെയാണ് സംസ്ഥാന സർക്കാർ വാദത്തിന് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ വിശദീകരണം വന്നിരിക്കുന്നത്. കേന്ദ്രം പണം അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞിരുന്നു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിനാണ് ഈ തുക അനുവദിച്ചതെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
153 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രം പറയുന്നു. ഇത് കൂടാതെ വിമാനത്തിൽ ഭക്ഷണം എത്തിച്ചതിന് ചെലവാക്കിയ തുകയും എയർ ലിഫ്റ്റ് ചെയ്‌തതിന്റെ പണവും അനുവദിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ തുക വകയിരുത്തിയെന്നും ഇത് ഈ മാസം 16ന് ചേർന്ന യോഗത്തിൽ നൽകാൻ തീരുമാനിച്ചെന്നും കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു.