Feature NewsNewsPopular NewsRecent Newsകേരളം

പ്രണയിനിയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ല

ചെന്നൈ: ഇഷ്ടമുള്ളവര്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെതിരെ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ വിധി.

പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈംഗിക താത്പര്യത്തോടെ ബലപ്രയോഗം നടത്തിയാല്‍ മാത്രമേ ലൈംഗികാതിക്രമമായി കണക്കാക്കാനാവൂ- കോടതി പറഞ്ഞു.

ഏറെക്കാലമായി അടുപ്പത്തിലായിരുന്ന 21-കാരനെതിരെയാണ് 19-കാരി പരാതി നല്‍കിയത്. കൂട്ടുകാരന്റെ ക്ഷണമനുസരിച്ച്‌ ഇരുവരും ഒരുദിവസം ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ ഏറെ നേരം സംസാരിച്ചു. ഇടയ്ക്ക് യുവതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ യുവാവ് കെട്ടിപ്പിടിച്ച്‌ ചുംബിച്ചു. യുവതി ഇക്കാര്യം വീട്ടില്‍ പറഞ്ഞു.

പ്രണയബന്ധം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹാലോചനയുമായി ചെന്നെങ്കിലും യുവാവ് വിസമ്മതിച്ചു. പിന്നീട് യുവതിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പരാതി നല്‍കിയത്. പരാതിക്കാരിയും പ്രതിയും അടുപ്പത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെന്നും പ്രണയിതാക്കള്‍ കെട്ടിപ്പിടിച്ചതിനെയോ ചുംബിച്ചതിനെയോ ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *