ഹാരിസണ്‍സ് തോട്ടത്തില്‍ കുട്ടികളുടെ സാഹസിക പാര്‍ക്ക് ഒരുങ്ങുന്നു
കല്‍പ്പറ്റ: പുഞ്ചിരമട്ടം ഉരുള്‍ ദുരന്തത്തെത്തുടര്‍ന്ന് ജില്ലയില്‍ ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാരിസണ്‍സ് മലയാളം കമ്പനി കുട്ടികളുടെ സാഹസിക പാര്‍ക്ക് ഔരുക്കുന്നു. അച്ചൂര്, ചൂണ്ടേല്, സെന്റിനല്‍ റോക്ക് തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാരിസണ്‍സ് കമ്പനിയുടെ പ്ലാന്റേഷന് ടൂറിസം. ടീ മ്യൂസിയം, സിപ്ലൈന്‍, തേയില ഫാക്ടറി സന്ദര്‍ശനം, എടിവി റൈഡ്, ക്യാമ്പിംഗ് തുടങ്ങിയവ നിലനില് ടൂറിസം പരിപാടികളുടെ ഭാഗമാണ്. അച്ചൂരില്‍ ടീ മ്യൂസിയത്തിനടുത്തായാണ് കുട്ടികളുടെ സാഹസിക പാര്‍ക്ക് സജ്ജമാക്കുന്നത്. ഇതിന്റെ പ്രവര്ത്തനംഅടുത്ത മാസത്തോടെ തുടങ്ങുമെന്ന് ഹാരിസണ്‍സ് കമ്പനി സിഇഒ ചെറിയാന് എം. ജോര്‍ജ് അറിയിച്ചു.പ്രതിവര്‍ഷം ഏകദേശം 17.5 ലക്ഷം സഞ്ചാരികളാണ് ജില്ലയില്‍ എത്തിയിരുന്നത്.ടൂറിസത്തിലൂടെ 3,165 കോടി രൂപയായിരുന്നു ജില്ലയുടെ മാത്രം സംഭാവന. പുഞ്ചിരിമട്ടം ദുരന്തത്തെത്തുടര്ന്ന്ദിവസം ഏകദേശം ഒരു കോടി രൂപയാണ് ജില്ലയുടെ വരുമാന നഷ്ടം. നേരിട്ടും അല്ലാതെയും 140 പ്രദേശവാസികള്‍ക്ക് പ്ലാന്റേഷന് ടൂറിസം മേഖലയില്‍ കമ്പനി തൊഴില്‍ നല്‍കുന്നുണ്ട്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരമാകുമെന്ന് കമ്പനി ന്യൂ വെഞ്ച്വേഴ്സ് വിഭാഗം മേധാവി സുനില്‍ ജോണ്‍ ജോസഫ് പറഞ്ഞു