ചീപ്രം ഊരിനെ പറഞ്ഞുപറ്റിക്കുന്നു; റോഡും ശുദ്ധജലവും പ്രഖ്യാപനങ്ങളിൽ മാത്രം
അമ്പലവയൽ ∙ നെല്ലാറച്ചാൽ ചീപ്രം ഉൗരിലേക്ക് റോഡും ശുദ്ധജലവും എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതിയിൽ തുടർനടപടികളില്ല. റോഡില്ലാത്തതിനാൽ മൃതദേഹം ബന്ധുക്കളും ഊരിലുള്ളവരും ചേർന്നു ചുമന്നുകൊണ്ടുപോകേണ്ടിവന്നതു നേരത്തേ വാർത്തയായിരുന്നു. റോഡില്ലാത്തതിനാൽ കുട്ടികൾക്കു സ്കൂൾ പഠനം മുടങ്ങുന്നതും പതിവായിരുന്നു. പിന്നാലെയാണ് കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ആദിവാസി പുനരധിവാസ വികസന മിഷൻ ചീപ്രം ഉൗരിലേക്ക് ഒന്നരക്കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. റോഡിന് 55 ലക്ഷത്തിന്റെയും ശുദ്ധജലത്തിനു 95.2 ലക്ഷത്തിന്റെയും പദ്ധതി തയാറാക്കി ജില്ലാ മിഷൻ സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷന് സമർപ്പിച്ചിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ശക്തമായ കനത്ത മഴകൂടി എത്തിയതോടെ റോഡ് പൂർണമായും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായി. മുഴുവൻ ഭാഗങ്ങളിലും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ പാതയിലൂടെയാണ് ഉൗരിലുള്ളപ്പോൾ ഇപ്പോഴും യാത്ര ചെയ്യുന്നത്. രോഗികളും പ്രായമായവരും ഏറെയുള്ള ഊരിൽ ചികിത്സ തേടുന്നതുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങളുണ്ടായാൽ ചെളിയിലൂടെ കിലോമീറ്ററുകൾ യാത്ര ചെയ്തുവേണം പോകാൻ. പ്രായമായവരെ ചുമന്ന് കൊണ്ടുപോകുകയല്ലാതെ വേറെ വഴിയില്ല. ഉൗരിലുള്ളവർ സ്വയം നിർമിച്ച കിണർ മാത്രമാണ് കുടിവെള്ളത്തിന് ആശ്രയം. വീട്ടിലേക്കു വെള്ളം ചുമന്നു കൊണ്ടുവരണം. മഴയും റോഡിലെ ചെളിയുമെല്ലാം താണ്ടി വേണം പല വീടുകളിലേക്കും വെള്ളം എത്തിക്കാൻ. ഇതിനു പരിഹാരമായിട്ടാണ് ഒരു കോടിയോളം ശുദ്ധജല പദ്ധതിക്കും പ്രഖ്യാപിച്ചത്.സംസ്ഥാന ആദിവാസി പുനരധിവാസ മിഷന് സമർപ്പിച്ച പദ്ധതിക്ക് മാസങ്ങൾ പിന്നിട്ടിട്ടും അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകുന്നതിന് കാരണമെന്നാണു വിവരം. സംസ്ഥാന മിഷന്റെ അനുമതി വൈകുന്നതിനാൽ പ്രവൃത്തികൾ ആരംഭിക്കാനും സാധിക്കില്ല