പോലീസും കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി
കൽപ്പറ്റ : ലോകസഭാ ഉപ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പോലീസും കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി. വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൽപ്പറ്റ, മാനന്തവാടി, മീനങ്ങാടി സ്റ്റേഷൻ പരിധികളിലാണ് പോലീസും കേന്ദ്ര സേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തിയത്. കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ കെ.ജെ ബിനോയുടെ നേതൃത്വത്തിൽ കല്പറ്റ ടൗണിലും, മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശശീന്ദ്രന്റെ നേതൃത്വത്തിൽ മാനന്തവാടി സ്റ്റേഷൻ പരിധിയിലും, മീനങ്ങാടിയിൽ എസ്.ഐ അബ്ദുറഹിമാന്റെയും നേതൃത്വത്തിലായിരുന്നു മാർച്ച്. മീനങ്ങാടി ടൗണിൽ നടന്ന സായുധസേനയുടെ റൂട്ട് മാർച്ച് മീനങ്ങാടി 53 ലാണ് സമാപിച്ചത്. എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധനകൾ കൂടുതൽ ഊർജിതമാക്കും. ജില്ലയിലുടനീളം പോലീസ് പട്രോളിംഗ്, സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റ് തുടങ്ങി അതിർത്തികളിലൂടെ അനധികൃതമായി പണം, സ്വർണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്ക്വാഡിന്റെയും പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.