മാനന്തവാടിയിൽ ഹോർത്തൂസ് അക്ഷര പ്രയാണത്തിന് സ്വീകരണം നൽകി
മാനന്തവാടി : നവംബർ 1 മുതൽ 3 വരെ കോഴിക്കോട് നടക്കുന്ന മലയാള മനോരമ ഹോർത്തൂസ് അക്ഷര പ്രയാണത്തിന് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ സ്വീകരണം നൽകി. ജില്ലയിലെ പ്രമുഖരായ സാംസ്കാരിക–പൊതുപ്രവർത്തകരൊന്നാകെ ഒഴുകിയെത്തിയ പരിപാടി മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻസിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു. വയനാട് ലിറ്ററേച്ചൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് സ്വീകരണം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബസ് സ്റ്റാൻഡിൽ തടിച്ചുകൂടിയ നൂറുകണക്കിന് വിദ്യാർഥികൾ അടക്കമുള്ളവരെ സാക്ഷികളാക്കി മാനന്തവാടി സെന്റ് മേരീസ് കോളജ് വിദ്യാർഥികൾ മനോഹരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. അധ്യാപകരായ കെ.ജി. അഖില, സിന്ധു സന്തോഷ്, ത്രേസ്യാമ്മ ജോൺ എന്നിവർ നേതൃത്വം നൽകി. ‘ഷ’ എന്ന അക്ഷരമാണ് മാനന്തവാടി അക്ഷര പ്രയാണത്തിന് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ഡോ. വിനോദ് കെ. ജോസ്, ചടങ്ങിന് ആതിഥേയത്വം വഹിച്ച പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് എസ്.ജെ. വിനോദ്കുമാർ, സെക്രട്ടറി തോമസ് സേവ്യർ, ജോ. സെക്രട്ടറി എ. അയൂബ്, മാനന്തവാടി സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ റെനി തോമസ്, കവികളായ സിന്ധു ചെന്നലോട്, ടി.കെ. ഹാരിസ്, ലൈബ്രറി കൗൺസിൽ സാരഥികളായ പി. സുരേഷ് ബാബു, ഷാജൻ ജോസ്, കെ. ഷബിത, എടവക പഞ്ചായത്ത് അംഗം വിനോദ് തോട്ടത്തിൽ, പഴശ്ശി ഗ്രന്ഥാലയം പ്രവർത്തകരായ എം.എസ്. ജിതിൻ, ടി.പി. ഷിനോജ്,അഭിരാം എ. കൃഷ്ണ, കൗശിക് കൃഷ്ണ, കെ.എം. ഷിനോജ് എന്നിവർ ചേർന്നു നൽകിയ അക്ഷര മാതൃക മലയാള മനോരമ വയനാട് സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ് ഏറ്റുവാങ്ങി.
രാജ്യാന്തര തലത്തിൽ പ്രസിദ്ധരായ ഒട്ടേറെ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഗമവേദിയാകും ഹോർത്തൂസെന്നും അക്ഷരങ്ങളെ നെഞ്ചോടു ചേർക്കുന്ന കലാ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മാനന്തവാടിയുടെ മണ്ണിലേക്ക് അക്ഷരപ്രയാണമെത്തുന്നത് ഈ നാടിനുള്ള അംഗീകാരം കൂടിയാണെന്നും വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ
ഡോ. വിനോദ് കെ. ജോസ് പറഞ്ഞു.