അധ്യാപനത്തിനൊപ്പം നെൽക്കൃഷിയിലും സജീവം; 17 ഏക്കറിൽ കൃഷിയിറക്കി ശ്രീജിത്ത് മാഷ്
കണിയാമ്പറ്റ: അധ്യാപന ജീവിതത്തിനിടയിലും നെൽക്കൃഷിയെ നെഞ്ചേറ്റി മാതൃകയാവുകയാണ് പയ്യമ്പള്ളി സെന്റ് കാതറീൻസ് സ്‌കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ കരണി ശക്തീശ്വരത്ത് വീട്ടിൽ ശ്രീജിത്ത് എസ്.ആർ. കണിയാമ്പറ്റ പഞ്ചായത്തിലെ താഴെ വരദൂരിൽ സ്വന്തമായുള്ള 17 ഏക്കറോളം സ്ഥലത്താണ് ശ്രീജിത്ത് നെൽക്കൃഷി നടത്തുന്നത്. ചെറുപ്പം മുതൽ പിതാവ് രാമചന്ദ്രൻ നായർക്കൊപ്പം കൃഷിയിൽ സജീവമായിരുന്ന ശ്രീജിത്ത് അധ്യാപന ജോലിയിൽ പ്രവേശിച്ചപ്പോഴും കാർഷികവൃത്തിയെ കൈവിട്ടില്ല. കാർഷിക മേഖലയിൽ പ്രതിസന്ധികൾ രൂക്ഷമാകുമ്പോഴും നെൽക്കൃഷി തുടരുന്നത് കൃഷിയോടുള്ള അടങ്ങാത്ത ഇഷ്ട്‌ടം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ലാഭകരമല്ലെങ്കിലും വർഷങ്ങളായി നെൽക്കൃഷി തുടരുന്ന ശ്രീജിത്ത് രാവിലെയും വൈകിട്ടും പാടത്തെത്തിയാണ് കൃഷിക്കാര്യങ്ങൾ നോക്കുന്നത്.
നെൽക്കൃഷിയോടുള്ള ആഭിമുഖ്യമാണ് പത്മശ്രീ ചെറുവയൽ രാമനുമായുള്ള അടുപ്പത്തിനും കാരണമായത്. രാമേട്ടനിൽനിന്ന് വിത്തുകൾ വാങ്ങി കൃഷി ചെയ്തശേഷം വിളവിൽനിന്ന് വിത്തുകൾ തിരികെ നൽകിയ അനുഭവങ്ങൾ ഇന്നും മറക്കാനാവാത്ത ഓർമകളാണെന്ന് ശ്രീജിത്ത് പറയുന്നു. കഴിഞ്ഞ നഞ്ചകൃഷിക്കിടെ കൃഷിമന്ത്രി ടി. സിദ്ദിഖും ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എയും ശ്രീജിത്തിന്റെ പാടം സന്ദർശിച്ചിരുന്നു.
പാലക്കാടൻ മട്ട, അന്നപൂർണ, മലബാർ മട്ട, ഉമ, കുടക് മട്ട തുടങ്ങിയ നെല്ലിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന നെല്ല് കൂടുതലായും സപ്ലൈകോയ്ക്കാണ് വിൽക്കുന്നത്. ഒരേക്കറിൽ കൃഷിയിറക്കാൻ സാധാരണയായി 30 കിലോ നെൽവിത്ത് ആവശ്യമാണ്. ഹൈബ്രിഡ് വിത്തുകൾക്ക് 20 കിലോ മതിയാകുമെങ്കിലും പ്രതിരോധശേഷി കൂടുതലുള്ളതിനാൽ പരമ്പരാഗത വിത്തുകൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.
ഞാറുനട്ട് ആറുമാസത്തിനകം വിളവെടുപ്പ് നടത്താൻ സാധിക്കും. വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാര്യമായി നേരിടേണ്ടിവരാത്തതിനാൽ നഞ്ചയും പുഞ്ചയും കൃഷി ചെയ്യുന്നുണ്ട്. തദ്ദേശീയ തൊഴിലാളികൾക്കൊപ്പം അന്യസംസ്ഥാന തൊഴിലാളികളും കൃഷിപ്പണികൾക്കായി എത്തുന്നു. കൊയ്ത്തിനും മറ്റ് അനുബന്ധ ജോലികൾക്കും യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഒന്നര മണിക്കൂർ കൊണ്ട് ഒരേക്കറിലെ കൊയ്ത്ത് പൂർത്തിയാക്കാൻ സാധിക്കും. യന്ത്രം ഉപയോഗിച്ച് നെല്ല് വേർതിരിച്ചശേഷം വൈക്കോൽ ഉടൻതന്നെ റോളുകളാക്കി മാറ്റി വിൽക്കുകയാണ് പതിവ്.
അധ്യാപികയായ ഭാര്യ സോണിയും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഋത്വികയും അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ ഉജ്വലും ശ്രീജിത്തിനൊപ്പം കൃഷിയിൽ സജീവമാണ്. നെൽക്കൃഷിക്കു പുറമെ വീടിനോടു ചേർന്നുള്ള അഞ്ചേക്കർ സ്ഥലത്ത് കാപ്പി, കമുക്, കുരുമുളക്, തെങ്ങ്, ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
അധ്യാപനവും കൃഷിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീജിത്ത് മാഷിന്റെ ജീവിതം കാർഷികവൃത്തിയോടുള്ള ആത്മാർഥതയുടെയും മണ്ണിനോടുള്ള സ്നേഹത്തിന്റെയും വേറിട്ട മാതൃകയാണ്
