സുൽത്താൻ ബത്തേരി ടൗണിൽ അലക്ഷ്യമായ പാർക്കിംഗ്; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നഗരം, അടിയന്തര നടപടി വേണമെന്ന് ആവശ്യം
സുൽത്താൻ ബത്തേരി (വയനാട്): സുൽത്താൻ ബത്തേരി ടൗണിലും പരിസരപ്രദേശങ്ങളിലും വലിയ ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു നവരാത്രി, പൂജ അവധി ദിനങ്ങൾ ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെയും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരുടെയും വാഹനത്തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ടൗണിലെ ഗതാഗത നിയന്ത്രണത്തിന് പോലീസ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
ദേശീയപാതയിൽ ടൗണിലൂടെ കടന്നുപോകുന്ന പ്രധാന ഭാഗങ്ങളിൽ ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളും അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. മൈസൂരു റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പ് പരിസരം മുതൽ വലിയ ചരക്കുലോറികൾ റോഡിലേക്ക് കയറ്റി നിർത്തിയിടുന്നത് പതിവുകാഴ്ചയാണ്. വിനായക ആശുപത്രിക്ക് സമീപവും കട്ടയാട് റോഡിന്റെ വശങ്ങളിലും ഇത്തരത്തിൽ അലക്ഷ്യമായ പാർക്കിംഗ് തുടരുന്നു കട്ടയാട് ജംഗ്ഷനിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലത്ത് പുതിയ ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചതും, ഓട്ടോറിക്ഷകൾ ദേശീയപാതയിലേക്ക് ഇറക്കി നിർത്തുന്നതും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
കൂടാതെ പോലീസ് സ്റ്റേഷൻ റോഡിലെ അലക്ഷ്യമായ വാഹന പാർക്കിംഗും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതം വിതയ്ക്കുകയാണ്. ദേശീയപാതയിലെയും അനുബന്ധ റോഡുകളിലെയും അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കുക, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കുക, പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് പോലീസിന്റെ സാന്നിധ്യം മുഴുവൻ സമയവും ഉറപ്പാക്കുക എന്നിവയിലൂടെ മാത്രമേ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കൂ എന്ന് വ്യാപാരികളും പൊതുജനങ്ങളും വ്യക്തമാക്കുന്നു
