സിൽക്ക് ബോർഡിന്റെ എം.ആർ.എം.എ 2.0 ക്യാമ്പെയിൻ വയനാട്ടിലും
കൽപ്പറ്റ: പട്ടുനൂൽ കൃഷി വ്യവസായത്തിൽ നൂതന മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സിൽക്ക് ബോർഡ് ആരംഭിക്കുന്ന എൻ്റെ പട്ട് എൻ് അഭിമാനം 2.0 (എം.ആർ.എം.എ) ക്യാമ്പെയിനിന് വയനാട് ജില്ലയിൽ തുടക്കമാവുന്നു. ശാസ്ത്രീയമായ പട്ടുനൂൽ കൃഷി രീതികൾ കർഷകരിലേക്ക് എത്തിക്കുക, ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, സാങ്കേതികവിദ്യ കൈമാറ്റം, ശാസ്ത്രീയ പരിശീലനം, ഡിജിറ്റൽ നിരീക്ഷണം എന്നിവയാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് നൂതന സാങ്കേതിക വിദ്യയിലൂടെ പട്ടുനൂൽ കർഷകരെ ശാക്തീകരിക്കാൻ എൻ്റെ പട്ട് എന്റെ അഭിമാനം 2.0 ക്യാമ്പെയിൻ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിന്നും വയനാട്, പാലക്കാട് ജില്ലകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക വിദ്യകൾ കർഷകരിലെത്തിച്ച് ഉത്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കും. പട്ടിൻ്റെ ഗുണനിലവാരം ഉയർത്താൻ കർഷകരെ സഹായിക്കുന്ന രാജ്യവ്യാപക ക്യാമ്പെയിനാണ് എന്റെ പട്ട് എന്റെ അഭിമാനം 2.0. പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് കർഷകർക്കായി ക്ലാസുകൾ, ഫീൽഡ് ഡെമോൺസ്ട്രേഷനുകൾ, ആശയ വിനിമയ ചർച്ചകൾ എന്നിവ സംഘടിപ്പിക്കും.
മൾബറി കൃഷിയിലെ നൂതന കൃഷി രീതികൾ, സംയോജിത രോഗകീട നിയന്ത്രണം, ജൈവജീവാണു വള പ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കും. ക്യാമ്പെയിൻ പ്രവർത്തനങ്ങളുടെ ഏകോപനം സെൻട്രൽ സിൽക്ക് ബോർഡ് ശാസ്ത്രജ്ഞയായ ഡോ. ശാന്തി വഹിക്കും. പുതുതായി കൃഷി ആരംഭിക്കുന്ന കർഷകർക്ക് സിൽക്ക് സമഗ്ര 2.0 ഉൾപ്പെടുത്തി സർക്കാർ വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സ്വന്തമായോ പാട്ടത്തിനോ ഒരു ഏക്കർ ജലസേചന സൗകര്യത്തോടെ ഭൂമിയുള്ള കർഷകരെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. പട്ടികജാതിപട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് ജില്ലയിലെ സെറികൾച്ചർ പ്രവർത്തനങ്ങളുടെ ചുമതല. കൂടുതൽ വിവരങ്ങൾക്ക് 04936 202465 നമ്പറിൽ ബന്ധപ്പെടാം.
