കെല്ലൂര്‍ സ്‌കൂള്‍ യുപിയാക്കുന്നതിന് നടപടി സ്വീകരിക്കണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
കല്‍പ്പറ്റ: മാനന്തവാടി താലൂക്കിലെ കെല്ലൂര്‍ ഗവ.എല്‍പി സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിലായിരുന്നു നിര്‍ദേശം.
146 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ യുപിയാക്കണമെന്ന ആവശ്യവുമായി പിടിഎ സമീപിച്ചതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്. വിദ്യാലയത്തിന് 1.8 ഏക്കര്‍ സ്ഥലമുണ്ട്. ഈ അധ്യയനവര്‍ഷം ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ 277 കുട്ടികളാണ് പഠിക്കുന്നത്. 11 ഡിവിഷനുകള്‍ അനുവദിച്ചിട്ടുണ്ട്. 17 ക്ലാസ് മുറികള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ശുചിമുറികള്‍, കളിസ്ഥലം, കംപ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ വിദ്യാലയത്തിലുണ്ട്.
പുഞ്ചിരിമട്ടം ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന മേഖലയില്‍ മതസ്ഥാപനങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍, പദ്ധതി പ്രദേശത്തുള്ളവര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് വിഷയം പരിഹരിക്കണം. ടൗണ്‍ഷിപ്പില്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും നിര്‍മിക്കണമെന്ന മേപ്പാടി സ്വദേശിയുടെ ആവശ്യം പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
നൂല്‍പ്പുഴ ചെട്ട്യാലത്തൂരിലെ സ്ഥിരം താമസക്കാരെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ മാറ്റിപാര്‍പ്പിക്കുന്ന വിഷയത്തില്‍ ഫണ്ടിന്റെ ലഭ്യതയനുസരിച്ചും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്കും ഭൂമി ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുമെന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി. അദാലത്തില്‍ പരിഗണിച്ച അഞ്ചു കേസുകളില്‍ നാലെണ്ണം തീര്‍പ്പാക്കി. ഒരു കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി
