Event More NewsFeature NewsNewsPoliticsPopular NewsRecent News

ട്രെയിനിലെ വാതിൽപ്പടി യാത്ര: യാത്രക്കാർക്കും സാമൂഹിക വിരുദ്ധർക്കും പണികിട്ടും; എഐ ക്യാമറ സ്ഥാപിക്കാൻ റെയിൽവേ

രാജ്യത്തെ ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി എഐ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽഭവനിൽ സംഘടിപ്പിച്ച ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് മന്ത്രിയുടെ നിർദേശം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.ട്രെയിനിലെ അപ്രതീക്ഷിതമായ അഗ്നിബാധകളും സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും സമീപകാലത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്തിടെ റിപ്പോർട്ട് ചെയ്‌ത സംഭവങ്ങളെ റെയിൽവേ ഗൗരവത്തിലാണ് നോക്കിക്കാണുന്നതെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.ട്രെയിൻ യാത്രകൾക്കിടയിലും രാത്രി നേരങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ കാത്തിരിക്കുമ്പോഴുമെല്ലാം പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുള്ള സാമൂഹിക വിരുദ്ധരുടെ ഉപദ്രവം ഒഴിവാക്കാൻ നീക്കം പ്രയോജനം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ. സീറ്റുണ്ടായിട്ട് പോലും പലരും ഡോർസ്റ്റെപ്പിൽ ഇരിക്കാറുണ്ട്. ഇത്തരത്തിലുള്ള യാത്ര അപകടം വിളിച്ചുവരുത്തും. ക്യാമറ സ്ഥാപിക്കുന്നതോടെ ഇത്തരത്തിലുള്ള യാത്രകൾക്കും അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. അപരിചിതരെ ഉപദ്രവിക്കുക, ശല്യം ചെയ്യുന്ന തരത്തിൽ സംസാരിക്കുക, അഗ്നിബാധയ്ക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളിലേർപ്പെടുക തുടങ്ങിയ കാര്യങ്ങളിലും നിരീക്ഷണം കർശനമാക്കിയേക്കും. പുതിയ സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും അസ്വാഭാവികമായി വല്ലതും ശ്രദ്ധയിൽ പെടുകയാണെങ്കിൽ റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139-ൽ യാത്രക്കാർ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.റെയിൽവേ നെറ്റ് വർക്കുകളിലുടനീളം സിസിടിവി കവറേജുകൾ വികസിപ്പിക്കാനും പ്ലാറ്റ്ഫോമുകളിൽ നിന്ന് റെയിൽവേ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് വേഗത്തിൽ വിവരമറിയിക്കാനും സംവിധാനമൊരുക്കുമെന്നും മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *