Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelUncategorized

ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി കളി മാറും; പിഴ അടച്ചില്ലെങ്കില്‍ ആര്‍ടിഒ പൂട്ടും, വരുന്നത് വമ്പൻ പരിഷ്കാരം

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിനോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനോ ക്യാമറയില്‍ കുടുങ്ങിയാല്‍ ഇനി ‘പിന്നെപ്പോഴെങ്കിലും അടയ്ക്കാം’ എന്ന് കരുതി ആരും നടക്കേണ്ട.

മോട്ടോർ വാഹന വകുപ്പിന്റെ പുത്തൻ ആയുധമായ ‘നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ’ പോർട്ടല്‍ സംസ്ഥാനത്ത് ഉടൻ നിലവില്‍ വരും. കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച ഈ സോഫ്റ്റ്‌വേർ വരുന്നതോടെ, പിഴയടയ്ക്കാതെ മാറിനില്‍ക്കുന്നവരുടെ കുടിശ്ശികകള്‍ കുന്നുകൂടുന്നത് ഒഴിവാക്കാനും നിയമലംഘനങ്ങള്‍ക്ക് കടുത്ത പൂട്ടുകള്‍ വീഴ്ത്താനും സാധിക്കും. നിലവില്‍ സംസ്ഥാനത്തെ ആർ.ടി. ഓഫീസുകളില്‍ ഈ പുതിയ സോഫ്റ്റ്‌വേറിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചുകഴിഞ്ഞു.

പുതിയ പോർട്ടല്‍ യാഥാർഥ്യമാകുന്നതോടെ, ചെലാൻ വന്ന് 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ വാഹനത്തിന്റെ നികുതി അടയ്ക്കല്‍ ഒഴികെയുള്ള മറ്റെല്ലാ ആർ.ടി.ഒ. സേവനങ്ങളും കംപ്യൂട്ടർ സിസ്റ്റം ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യും. ലൈസൻസ് പുതുക്കല്‍, വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കല്‍, വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റല്‍, പെർമിറ്റ് തുടങ്ങിയ ഒട്ടുമിക്ക സേവനങ്ങളും ഇതോടെ വഴിമുട്ടും. ലൈസൻസ് പുതുക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആർ.ടി. ഓഫീസില്‍ ചെന്നാല്‍ ചെറിയൊരു പിഴയുടെ കുടിശ്ശിക പോലും കംപ്യൂട്ടർ സിസ്റ്റം അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

ക്യാമറകളോ ഉദ്യോഗസ്ഥരോ വഴി തെറ്റായ ചെലാനുകളാണ് ലഭിച്ചതെങ്കില്‍ വാഹന ഉടമകള്‍ക്ക് തെളിവുകള്‍ സഹിതം 45 ദിവസത്തിനകം ഈ പോർട്ടല്‍ വഴി ഓണ്‍ലൈനായി പരാതി നല്‍കാം. ഈ പരാതിയില്‍ 30 ദിവസത്തിനകം അധികൃതർ അന്തിമ തീരുമാനമെടുക്കണം. പരാതി നിരസിച്ചാല്‍ 15 ദിവസത്തിനകം കോടതിയെ സമീപിക്കാമെങ്കിലും ചെലാൻ തുകയുടെ 50 ശതമാനം മുൻകൂറായി കെട്ടിവെക്കേണ്ടി വരും. നിശ്ചിത സമയത്തിനകം പിഴയടയ്ക്കുകയോ പരാതി നല്‍കുകയോ ചെയ്യാത്ത പക്ഷം വാഹന ഉടമ കുറ്റം സമ്മതിച്ചതായി സിസ്റ്റം സ്വയം കണക്കാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *