Event More NewsFeature NewsNewsPoliticsPopular NewsUncategorized

ഫ്ളോ ഡൈവെർട്ടർ ചികിത്സയിൽ സെഞ്ചുറി തികച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്; സംസ്ഥാനത്ത് രണ്ടാം സ്ഥാനം

കോഴിക്കോട് : ബ്രെയിൻ അന്യൂറിസം ബാധിച്ച രോഗികൾക്കുള്ള ഫ്ളോ ഡൈവെർട്ടർ ചികിത്സയിൽ സെഞ്ചുറി തികച്ച് കോഴിക്കോട് മെഡിക്കൽകോളേജ്. മെഡിക്കൽകോളേജിലെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗമാണ് 115 ഫ്ളോ ഡൈവെർട്ടർ ചികിത്സ പൂർത്തിയാക്കി ഈ തിളങ്ങുംനേട്ടത്തിനു പിന്നിൽ.

തലച്ചോറിൽ രക്തസ്രാവത്തിനും അതുവഴി പക്ഷാഘാതത്തിനും കാരണമാകുന്ന രോഗാവസ്ഥയാണ് ബ്രെയിൻ അന്യൂറിസം. രക്തക്കുഴലുകളിലെ ബലഹീനതകാരണം ഉണ്ടാകുന്ന കുമിളകളെയാണ് അന്യൂറിസം എന്നു പറയുന്നത്.

തലയോട്ടി തുറക്കാതെ, പിൻഹോൾ ദ്വാരത്തിലൂടെ കാലിലെ രക്തക്കുഴൽ വഴി തലച്ചോറിലെ രക്തക്കുഴലിലേക്ക് കത്തീറ്റർ കടത്തിവിട്ടു നടത്തുന്ന എൻഡോവാസ്‌കുലാർ ചികിത്സയുടെ രണ്ടു വകഭേദങ്ങളാണ് കോയിലിങ് ചികിത്സയും ഫ്ളോ ഡൈവെർട്ടർ ചികിത്സയും. ഇതിൽ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞാൽ സംസ്ഥാനത്ത്‌ ഏറ്റവുമധികം ഫ്ളോ ഡൈവെർട്ടർ ചികിത്സ നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജാണെന്നു പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്കുമാർ അറിയിച്ചു.

250-ൽ അധികം രോഗികൾക്ക് കോയിലിങ് ചികിത്സയും കോഴിക്കോട്ടെ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. കോയിലിങ് ചികിത്സ സാധ്യമാകാത്ത രോഗികളിലാണ് ഫ്ളോ ഡൈവെർട്ടർ ചികിത്സ നടത്തുന്നത്.

അന്യൂറിസം ബാധിച്ച രക്തക്കുഴലിലേക്ക് സ്റ്റെന്റ് പോലുള്ള ഉപകരണം കടത്തിവിട്ട് രക്തപ്രവാഹം പൂർവസ്ഥിതിയിലാക്കുന്ന ചികിത്സയാണ് ഫ്ളോ ഡൈവെർട്ടർ.

മുറവില്ലാത്തതിനാൽത്തന്നെ ഈ ചികിത്സ കഴിഞ്ഞാൽ 48 മണിക്കൂറിനകം രോഗികൾക്ക് ആശുപത്രി വിടാമെന്നതാണു പ്രത്യേകത. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷത്തിലധികം ചെലവു വരുന്ന ചികിത്സ മെഡിക്കൽകോളേജിൽ ആറു ലക്ഷം രൂപയ്ക്കാണ് നടത്തുന്നത്. ഇൻഷുറൻസുള്ള രോഗികൾക്ക് മൂന്നരലക്ഷം രൂപയ്ക്ക് ചികിത്സ പൂർത്തിയാക്കാനാവും.

പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത് കുമാർ, റേഡിയോളജി വിഭാഗം മേധാവി ഡോ. ജോൺ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. രാഹുൽ, അനസ്‌തീസ്യ വിഭാഗം മേധാവി ഡോ. ബിനു സാജിദ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഷാജു മാത്യു, മെഡിസിൻ വിഭാഗം മേധാവി ഡോ. പി. ഗീത എന്നിവരുടെ നേതൃത്വത്തിലാണ് അന്യൂറിസം ചികിത്സ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *