കുംഭമേള വൈറൽ താരത്തിന്റെ വിവാഹം! രേഖകൾ വ്യാജമല്ല; വീഴ്ചയില്ലെന്ന് ഡിജിപി
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരള പൊലീസ് നിലപാട് വ്യക്തമാക്കുന്നു. വിവാഹത്തിൽ നിയമപരമായ വീഴ്ചകളില്ലെന്ന് ദേശീയ എസ്സി/എസ്ടി കമ്മീഷനെ ഡിജിപി നേരിട്ടറിയിക്കും. ഇതിനായി ഡിജിപി നാളെ ഡൽഹിയിൽ ഹാജരാകും.
പെൺകുട്ടിക്ക് വിവാഹസമയത്ത് 18 വയസ്സ് പൂർത്തിയായെന്നും ഹാജരാക്കിയ രേഖകൾ വ്യാജമല്ലെന്നും ഡിജിപി കമ്മീഷനെ ബോധ്യപ്പെടുത്തും. പെൺകുട്ടിയെ കാണാതായെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ നിലവിൽ കേരളത്തിലുണ്ടെന്നും ഡിജിപി അറിയിക്കും. ദമ്പതികൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും കേരള പൊലീസ് വ്യക്തമാക്കുന്നുണ്ട്.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, വിവാഹ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കിയ ആധാർ, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ പ്രകാരം പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതായാണ് പഞ്ചായത്ത് അധികൃതരും റൂറൽ എസ്പിയും റിപ്പോർട്ട് നൽകിയത്.
പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും അതിനാൽ മധ്യപ്രദേശ് പൊലീസിന് മുന്നിൽ ഉടൻ ഹാജരാകാൻ കഴിയില്ലെന്നും ഫർമാൻ ഖാൻ അറിയിച്ചിട്ടുണ്ട്. നേരത്തെ ഫർമാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ദമ്പതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത മാസം 20-ന് വീണ്ടും പരിഗണിക്കും.
