മെഡിസെപ്പ് പുതിയ നിബന്ധന, ഭാഗിക എം പാനലായ സ്വകാര്യ ആശുപത്രികൾ പദ്ധതിക്ക് പുറത്ത്; വലഞ്ഞ് ഡയാലിസിസ്, കാൻസർ രോഗികൾ
കോഴിക്കോട്: ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതോടെ ഇവിടെ ചികിത്സ തേടിയിരുന്ന രോഗികൾ ദുരിതത്തിൽ. എല്ലാ വിഭാഗം ചികിത്സകളും ഉൾപ്പെടുത്തിയാൽ മാത്രമേ പദ്ധതിയിൽ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്നാണ് ചില സ്വകാര്യ ആശുപത്രികൾ പദ്ധതിക്ക് പുറത്തായത്. ഇത്തരം ആശുപത്രികളിൽ ഡയാലിസിസ്, കീമോ തുടങ്ങിയ ജീവൻരക്ഷാ ചികിൽസകൾ നടത്തുന്ന രോഗികളാണ് ദുരിതത്തിലായത്.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉയർത്തിയും കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തിയുമുള്ള മെഡിസെപ്പ് രണ്ടാം ഘട്ടം ഈ മാസമാണ് പ്രാബല്യത്തിൽ വന്നത്. ആദ്യ ഘട്ടത്തിൽ പാർഷ്യലി എം പാനൽഡ് അതായത് ചില ചികിൽസ വിഭാഗങ്ങൾക്ക് മാത്രം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളും മെഡിസെപ്പിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിലെ നിബന്ധനകളിലൊന്ന് ആശുപത്രിയിലെ എല്ലാ ചികിൽസകളും മെഡിസെപ്പിന് പരിധിയിൽ വരണമെന്നുള്ളതാണ്. ഇത് പാലിക്കാത്ത സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തില്ല.
