ഗുരുവായൂരമ്പല നടയിൽ മൈഥിലി താക്കൂറിന്റെ സംഗീതാർച്ചന; കണ്ണന്റെ മണ്ണിൽ മുരുക സ്‌തുതിയുമായി 25-കാരി എംഎൽഎ
ഗുരുവായൂരിനെ ഭക്തിസാന്ദ്രമാക്കി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായ മൈഥിലി താക്കൂറിന്റെ സംഗീതാർച്ചന. തന്റെ തനതായ ശൈലിയിൽ “അഴകാന പഴനിമലൈ ആണ്ടവാ…” എന്ന് തുടങ്ങുന്ന മുരുക സ്‌തുതിയാണ് മൈഥിലി ആലപിച്ചത്. നിരവധി പേരാണ് മൈഥിലിയുടെ ആലാപനം കേൾക്കാനെത്തിയത്. യുവ എംഎൽഎയുടെ ആലാപനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മുരുക സതി മികച്ച സ്‌ഫുടതയോടെ മൈഥിലി ആലപിച്ചത് ഏവരുടെയും മനം കവർന്നു. ഗുരുവായൂരിന് പുറമെ, മൈഥിലി പാലക്കാടും സന്ദർശിച്ചു. കേരള സന്ദർശനത്തിന്റെ വീഡിയോ മൈഥിലി തൻറെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. തനതായ കേരള സാരി ധരിച്ചാണ് മൈഥിലി എത്തിയത്.
ആരാണ് മൈഥിലി താക്കൂർ?
ബിഹാർ തിരഞ്ഞെടുപ്പിൽ അലിനഗർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച മൈഥിലി 11,730 വോട്ടുകൾക്കാണ് ജയിച്ചത്. 25-കാരിയായ മൈഥിലിയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ. 84,915 വോട്ടുകളാണ് മൈഥിലി താക്കൂറിന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ ആർജെഡിയുടെ ബിനോദ് മിശ്രയ്ക്ക് 73,815 വോട്ടുകൾ ലഭിച്ചു. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പു തന്നെ, സംഗീത പരിപാടികളിലൂടെ മൈഥിലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2000-ൽ ബിഹാറിലെ മധുബാനിയിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു മൈഥിലിയുടെ ജനനം. പിതാവ് രമേഷ് താക്കൂർ സംഗീതാധ്യാപകനായിരുന്നു. പിതാവ് തന്നെയാണ് മൈഥിലിക്ക് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയതും.
സഹോദരങ്ങൾക്കൊപ്പം മൈഥിലി സംഗീത പരിപാടികളിലൂടെ ശ്രദ്ധേയായി. തുടർന്ന് റിയാലിറ്റി ഷോകളിൽ പങ്കെടുത്തത് വഴിത്തിരിവായി. 2011-ൽ ലിറ്റിൽ ചാംപ്‌സ്, 2015-ൽ ഇന്ത്യൻ ഐഡൽ ജൂനിയർ എന്നീ ഷോകളിൽ പങ്കെടുത്തു. 2016-ൽ ‘ഐ ജീനിയസ് യംഗ് സിംഗിംഗ് സ്റ്റാർ’ മത്സരത്തിൽ വിജയിച്ചു. തുടർന്ന് ‘യാ റബ്ബ’ എന്ന ആൽബം പുറത്തിറക്കി.
2017-ലെ ‘റൈസിംഗ് സ്റ്റാർ’ എന്ന ഷോയിൽ റണ്ണറപ്പ് ആയി. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ മൈഥിലിക്ക് വൻ ജനപ്രീതി നേടിക്കൊടുത്തു. 70 ലക്ഷത്തിലേറെ പേരാണ് നിലവിൽ മൈഥിലിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 2024-ൽ മൈഥിലി താക്കൂറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ‘കൾച്ചറൽ അംബാസഡർ ഓഫ് ദി ഇയർ അവാർഡ്’ ലഭിച്ചിരുന്നു.
