Feature NewsNewsPopular NewsRecent News

രാഹുൽമാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിങ് വഴി തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വിദേശത്തുള്ള പരാതിക്കാരി ഇന്ത്യൻ എംബസിയിലെത്തിയാണ് മൊഴി നൽകിയത്.

കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായ ശേഷമാണ് ജാമ്യം നൽകിയത്. പരാതിക്കാരിയുടേത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുരുന്നു. പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ ഹാജരാക്കിയത്.

ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

വിവാഹ വാഗ്ദാനം ചെയ്‌ത്‌ പീഡിപ്പിച്ചുവെന്ന പരാതിയിൽ ആരോപണത്തിന്റെ നിയമസാധുതയിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. വിവാഹബന്ധം നിലനിൽക്കെ പ്രതിയുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് കോടതി ഉത്തരവിൽ ചോദിച്ചു. വിവാഹവാഗ്‌ദാനം ചെയ്‌തു പീഡിപ്പിച്ചെന്ന വാദം വിചാരണവേളയിൽ വിശദമായി പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *