Feature NewsNewsPopular NewsRecent News

ട്രെക്കിങ് പാതകൾ അടച്ച് കർണാടക വനംവകുപ്പ്

ബെംഗളൂരു: കർണാടകത്തിലെ വിവിധ ട്രെക്കിങ് പാതകൾ അടച്ച് വനംവകുപ്പ് വേനലെത്തിയതോടെ കാട്ടുതീ തടയുന്നതിനും വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. ജനുവരി 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ എട്ട് ട്രെക്കിങ് പാതകളാണ് അടച്ചിരിക്കുന്നത്. കുദ്രേമുഖ് നാഷണൽ പാർക്ക്, സോമേശ്വര വന്യജീവി സങ്കേതം, മൂകാംബിക വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ ട്രെക്കിങ് റൂട്ടുകളിലാണ് ഈ നിരോധനം ബാധകമാകുന്നത്. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കാർക്കല, ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

വനത്തിനുള്ളിൽ തീപിടിത്തങ്ങൾ ഉണ്ടാകുന്നത് മനുഷ്യരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ മൂലമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ ട്രെക്കർമാർ തീയിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും ഗൈഡുകളുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു. അതിനാൽ ഇത്തവണ സംസ്ഥാനത്തുടനീളം ട്രെക്കിങ് നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുല്ലുകൾ ഉണങ്ങാൻ തുടങ്ങുന്നതിനാൽ തീപിടിത്ത സാധ്യത കൂടുതലാണ്.

നിലവിൽ കടുവ സെൻസസ് നടക്കുന്നതും ട്രെക്കിങ് നിരോധിക്കാൻ ഒരു കാരണമാണ്. സെൻസസ് ജോലികളിലും വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിരീക്ഷണങ്ങളിലും ഉദ്യോഗസ്ഥർ വ്യാപൃതരാണ്. ട്രെക്കിങ്ങിനായി അധിക ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

കർണാടകത്തിലെ കുദ്രേമുഖ്, നേത്രാവതി ട്രെക്കുകൾ ഏറെ പ്രശസ്‌തമാണ്. ഇവയിൽ ഓരോന്നിലൂം ദിവസവും ഏകദേശം 300 ട്രെക്കർമാർ ട്രക്കിങ് നടത്തുന്നതാണ്. സംസ്ഥാന വനം വകുപ്പ് അരണ്യ വിഹാർ പോർട്ടൽ വഴി 12 ജില്ലകളിലായി 37 സ്ഥലങ്ങളിൽ ട്രെക്കിങ് അവസരങ്ങൾ നൽകുന്നുണ്ട്. അപേക്ഷകൾ ക്രമീകരിക്കാനും ട്രെക്കർമാരുടെ എണ്ണം പരിമിതപ്പെടുത്താനും അനധികൃത പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും വേണ്ടിയാണ് ഈ പോർട്ടൽ ആരംഭിച്ചത്. കുദ്രേമുഖ് ഡിവിഷനിൽ മാത്രം എട്ട് ട്രെക്കിങ് റൂട്ടുകളുണ്ട്.

വിരാജ്പേട്ട്, മടിക്കേരി, ബംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നേരിയ മഴ നിലനിൽക്കുന്നതിനാൽ ചിലയിടങ്ങളിൽ പുല്ല് ഇപ്പോഴും പച്ചയാണ്. അത്തരം പാതകളിൽ ട്രെക്കിങ് ഇതുവരെ നിരോധിച്ചിട്ടില്ല. ഈ സ്ഥിതിയിൽ മാറ്റം വരുമ്പോൾ ഈ പാതകളും അടയ്ക്കും. കോലാർ എന്നിവിടങ്ങളിൽ പാതകൾ അടയ്ക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ പ്രദേശങ്ങൾ സർവേ ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *