90 ദിവസം പിന്നിട്ടെങ്കിലും പോറ്റിക്ക് ജാമ്യമില്ല; 4 പ്രതികളുടെ റിമാൻഡ് ദീർഘിപ്പിച്ചു
കൊല്ലം : ശബരിമല ക്ഷേത്രത്തിലെ സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യം നിഷേധിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാൽ. കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിയിരിക്കെ പ്രധാന പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കസ്റ്റഡി അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾക്കു സാധ്യതയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) വേണ്ടി പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ജാമ്യം നിഷേധിച്ചത്.
ശബരിമല കേസുകളിലെ പ്രതികളായ കെ.എസ്. ബൈജു, എസ്. ശ്രീകുമാർ, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുടെ ജുഡീഷ്യൽ റിമാൻഡ് കാലാവധി 28 വരെ ദീർഘിപ്പിച്ചു. നാലുപേരെയും നേരട്ട് എത്തിച്ചാണ് റിമാന്‍ഡ് ദീർഘിപ്പിച്ചത്.
∙ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി 16ന് വാദം തുടരും. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യത്തിന് ശങ്കരദാസ് കോടതിയെ സമീപിച്ചത്. ശങ്കരദാസിനെ പരിശോധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പാർട്ട് ഹാജരാക്കാൻ കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ചത്തേക്ക് വാദം മാറ്റിയത്.
