നിധി! വീടിന് മണ്ണെടുക്കുന്നതിനിടെ 60 ലക്ഷത്തിന്റെ സ്വർണ ശേഖരം കണ്ടെത്തി
ബംഗളൂരു: ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിൽ വീടിന് മണ്ണെടുക്കുന്നതിനിടെ നിധി ശേഖരം കണ്ടെത്തി. നിർമ്മാണ തൊഴിലാളികൾ വീടിന്റെ അടിത്തറ പാകാൻ മണ്ണ് കുഴിക്കുന്നതിനിടെയാണ് 60.51 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ലഭിച്ചത്. മാല, കമ്മലുകൾ എന്നിവയുൾപ്പെടെ വിവിധതരം ആഭരണങ്ങൾ അടങ്ങിയ 470 ഗ്രാം സ്വർണം സർക്കാർ പിടിച്ചെടുത്തു. എട്ടാം ക്ലാസ് വിദ്യാർഥിയായ പ്രജ്വൽ റിത്വികാണ് ചെമ്പ് പാത്രത്തിൽ ആഭരണങ്ങൾ കണ്ടെത്തിയത്. കുട്ടി ഗ്രാമത്തിലെ മുതിർന്ന അംഗങ്ങളോട് കാര്യങ്ങൾ പറഞ്ഞു. ഇവർ അധികൃതരെ വിവരം അറിയിച്ചു. ഉടൻ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൂല്യനിർണ്ണയം നടത്തി. കലത്തിൽ സൂക്ഷിച്ചിരുന്ന 22 വസ്തുക്കൾ പിടിച്ചെടുത്തതതായി ഗഡഗ് ജില്ല പൊലീസ് സൂപ്രണ്ട് രോഹൻ ജഗദീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
