എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കണം
പുൽപള്ളി:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമല്ലാത്തത് മറ്റു നിയമനങ്ങളെ ബാധിക്കരുത്. ഇത്തരം നിയമനങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി സമയബന്ധിതമായി നടപ്പാക്കണം.
പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കണം. അധ്യാപകരുടെ യോഗ്യത നിശ്ചയിക്കണം. പൊതുവിദ്യാലയങ്ങളിൽ ജോലിചെയ്യുന്ന പ്രീ പ്രൈമറി അധ്യാപകരുടെ പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 70 വയസ്സ് കഴിഞ്ഞവരും ജോലിയിൽ തുടരുന്നുണ്ട്. വിശ്രമമില്ലാതെയും അവധിയെടുക്കാതെയും ജോലി ചെയ്യുന്ന അധ്യാപകരുടെയും ആയമാരുടെയും ജോലി സുരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ സമാപനദിനം ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ ഇ സതീഷ് ബാബു അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ കെ രാജേഷ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ മണിയൻ, പിഎസ്സിഇയു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ദേവകുമാർ, കെജിഎൻഎ ജില്ലാ സെക്രട്ടറി ജി സംഗീത, കെഎസ്ടിഎ ജില്ലാ ഭാരവാഹികളായ വിൽസൺ തോമസ്, എം കെ സ്വരാജ്, കെ അനൂപ് കുമാർ, പി ഉമേഷ്, ജാസ്മിൻ തോമസ്, എം വി സമിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ട്രഷറർ പി ബിജു നന്ദിയും പറഞ്ഞു. കെ അനൂപ് കുമാറും ടി പി സന്തോഷും പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ഷക്കീല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജില്ലാ പ്രസിഡന്റായി എ ഇ സതീഷ് ബാബുവിനെയും സെക്രട്ടറിയായി ടി രാജനെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പി ബിജുവാണ് ട്രഷറർ. മറ്റു ഭാരവാഹികൾ: ബിനുമോൾ ജോസ്, എം വി സമിത, എൻ എം വിനോദ്, ജാസ്മിൻ തോമസ് (വൈസ് പ്രസിഡന്റുമാർ), വിൽസൺ തോമസ്, എം കെ സ്വരാജ്, പി ഉമേഷ്, കെ അനൂപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ).
