Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsUncategorized

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക ചുവടുവെപ്പുമായി ഇന്ത്യ

മുംബൈ: യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കുന്ന പുതിയ സാങ്കേതിക സംവിധാനവുമായി ഇന്ത്യ. വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമായി നിലവില്‍ നടപ്പാക്കിയിട്ടുള്ള ‘വെഹിക്കിള്‍ ടു വെഹിക്കിള്‍’ (വി2വി) കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം അനുമതി നല്‍കി. ഈ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതോടെ, സമീപ വാഹനങ്ങളുമായി റേഡിയോ സിഗ്നലുകള്‍ വഴി ആശയവിനിമയം നടത്താന്‍ കഴിയും. ഇതിലൂടെ മുന്നിലുള്ള അപകട സാധ്യതകള്‍, പെട്ടെന്നുള്ള ബ്രേക്കിങ്, വളവുകള്‍, മഞ്ഞുമൂടിയ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് ലഭിക്കും. ഇതുവഴി അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇതിനാവശ്യമായ 30 മെഗാഹെര്‍ട്‌സ് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സ്‌പെക്ട്രം സൗജന്യമായി ഉപയോഗിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ധാരണയിലെത്തിയതായി കേന്ദ്ര ഗതാഗതഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഈ വര്‍ഷം പുറത്തിറങ്ങുന്ന പുതിയ കാറുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുക. തുടര്‍ന്ന് മറ്റു വാഹനങ്ങളിലും ഇത് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഒരു വാഹനത്തില്‍ ഈ സാങ്കേതിക സംവിധാനം ഘടിപ്പിക്കാന്‍ ഏകദേശം 5,000 രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ സംബന്ധിച്ച് വാഹന നിര്‍മാതാക്കളുമായി അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ രാജ്യത്ത് അഞ്ചു ലക്ഷം വാഹനാപകടങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 1.80 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2030ഓടെ വാഹനാപകടങ്ങളുടെ എണ്ണം പകുതിയായി കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റേഡിയോ സിഗ്നലുകള്‍ വഴി വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തുന്ന ഈ സാങ്കേതിക വിദ്യ ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്ന് കേന്ദ്ര ഗതാഗതഹൈവേ സെക്രട്ടറി വി ഉമാശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇത് നടപ്പാകുന്നതോടെ റോഡ് സുരക്ഷയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *