കിസാര്‍ സര്‍വീസ് സൊസൈറ്റി കാര്‍ട്ട് പദ്ധതി: രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി ലഭിച്ചു
കല്‍പ്പറ്റ: ക്ഷേമത്തിനും ഗ്രാമ വികസനത്തിനും പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമായ കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ(കെഎസ്എസ്)കാര്‍ട്ട്(സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ട്രാന്സ്ഫോര്മേഷന്)പദ്ധതിക്ക് രണ്ട് ഏക്കര്‍ ഭൂമി സൗജ്യമായി ലഭിച്ചു. കെഎസ്എസ് വയനാട് ജില്ലാ സെക്രട്ടറി ഷിബു ചുള്ളിയാനയും കുടുംബവുമാണ് വെള്ളമുണ്ടയില്‍ ഭൂമി ലഭ്യമാക്കിയത്. ഇതിനുള്ള കരാര്‍ പുല്‍പ്പള്ളി ആടിക്കൊല്ലി ഡോ.എം.എസ്. സ്വാമിനാഥന് നഗറില്‍ നടന്ന കെഎസ്എസ് അഞ്ചാമത് ത്രിദിന ദേശീയ സമ്മേളനത്തില്‍ ഒപ്പുവച്ചു. ഗ്രാമീണ ഗവേഷണം, പരിശീലനം, കാര്‍ഷിക നവീകരണം എന്നിവ ലക്ഷ്യമാക്കി കെഎസ്എസ് നടപ്പാക്കുന്നതാണ് കാര്‍ട്ട് പദ്ധതി. വെള്ളമുണ്ടയില്‍ ലഭിച്ച ഭൂമിയിലായിരിക്കും കാര്‍ട്ട് ആസ്ഥാനം. അടുത്ത തലമുറയിലെ കാര്‍ഷിക സംരംഭകര്‍ക്ക് വഴികാട്ടിയായി കാര്‍ട്ട് മാറുമെന്ന് കെഎസ്എസ് നാഷണല്‍ ചെയര്മാന് ടി.എം. ജോസ് തയ്യില്‍ പറഞ്ഞു.
സാങ്കേതികവിദ്യ, വിനോദസഞ്ചാരം, വ്യാപാരം എന്നിവയില്‍ ഊന്നിയുള്ള 2026ലെ കര്‍മരേഖയുടെ അവതരണവും കൃഷിയില്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തല്‍, ഗ്രാമീണ അഗ്രിടൂറിസം പ്രോത്സാഹനം, ഇടനിലക്കാരെ ഒഴിവാക്കിയുള്ള വ്യാപാരത്തിനു ഹൈവേ അഗ്രി മാര്‍ട്ടുകള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചയും സമ്മേളനത്തില്‍ നടന്നു. സാന്‍ഡല്‍വുഡ് കേവ് ഫോറസ്റ്റ് പ്രീമിയം റിസോര്‍ട്ട്സിന്റെ പ്രമോട്ടര്‍മാരായ ജസ്പെയ്ഡ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ കെഎസ്എസ് തുടങ്ങുന്ന നാഷണല്‍ സാന്‍ഡല്‍വുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം പുല്‍പ്പള്ളി വടാനക്കവലയില്‍ നടത്തി. അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷമായ 2026ല്‍ ‘മണ്ണിന്റെ മകള്‍’ കാമ്പയിന് നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം കര്‍ഷകരെ സഹായിക്കുന്നതിനു രൂപീകരിച്ച ‘അഗ്രിസേന’യുടെ ഫ്ളാഗ്ഓഫ് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു
