Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

മുല്ലപ്പെരിയാർ: നിർണായക പരിശോധന കഴിഞ്ഞു, സത്യമറിയാൻ കേരളം കാത്തിരിക്കണംഈമാസം 23നാണ് പരിശോധന ആരംഭിച്ചത്

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച് നിർണായകമാകാവുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ടിലി ഓപറേറ്റഡ് വെഹിക്കിൾ) പരിശോധന ഞായറാഴ് സമാപിച്ചു. ഈമാസം 23നാണ് വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം.

ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ (സി.എസ്.എം.ആർ.എസ്) വിദഗ്ധരായ പി. സെന്തിൽ, വിജയ്, ഡോ. ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1200 അടി നീളമുള്ള അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചായിരുന്നു ആദ്യഘട്ട പരിശോധന. ഇത് പൂർത്തിയായ ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധന നടത്തി. ഒടുവിൽ അണക്കെട്ടിന്‍റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർ.ഒ.വി ഉപയോഗിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ചു. അണക്കെട്ടിൽ നിലവിൽ 132.45 അടി ജലമാണ് ഉള്ളത്.

അണക്കെട്ട് സന്ദർശനത്തിനു ശേഷം നവംബർ 10ന് മധുരയിൽ നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് അണക്കെട്ടിലെ ജലത്തിനടി ഭാഗത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. ആറുദിവസം നീണ്ട പരിശോധന വിലയിരുത്താൻ കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതിക വിദഗ്ധരും എത്തിയിരുന്നു.

പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ സി.എസ്.എം.ആർ.എസിലെ സാങ്കേതിക വിദഗ്ധർ വിലയിരുത്തി പിന്നീട് ഏഴംഗ ഉന്നതാധികാര സമിതിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയൂ. ഇതിനായി സുപ്രീംകോടതിയിൽ റിപ്പോർട്ട് എത്തുന്നതു വരെ കേരളം കാത്തിരിക്കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *