ജനുവരി 1 മുതൽ സിഎൻജി, പിഎൻജി വില കുറയും; രാജ്യത്തുടനീളം ബാധകം.
ഡൽഹി | 2026 ജനുവരി 1 മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടർന്നാണിത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2-3 രൂപ ലാഭമുണ്ടാകും. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ്.
നിലവിൽ 3 സോണുകളായി തിരിച്ചിരുന്ന നികുതി ഘടന രണ്ടായി ചുരുക്കിയതിലൂടെ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. 2023ൽ പ്രഖ്യാപിച്ച പഴയ സംവിധാനത്തിൽ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായി തിരിച്ചിരുന്നു. 200 കിലോമീറ്റർ വരെ 42 രൂപ, 300-1,200 കിലോമീറ്റർ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്.
എന്നാൽ പുതിയ പരിഷ്കരണ പ്രകാരം സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്കായി ഒന്നാം സോൺ പരിധി നിശ്ചയിച്ചിരിക്കുകയാണ്. മുൻപ് 80 രൂപയും 107 രൂപയും ഈടാക്കിയിരുന്ന ദൂരപരിധികളിൽ ഇനി മുതൽ 54 രൂപ എന്ന ഏകീകൃത നിരക്ക് മാത്രമായിരിക്കും ബാധകമാകുക.
