കുളമ്പുരോഗം, ചര്‍മ മുഴ: പ്രതിരോധ കുത്തിവയ്പ്പ് സംസ്ഥാനതല ഉദ്ഘാടനം നാളെ
കല്‍പ്പറ്റ: ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്ക് ഏറെ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗങ്ങളായ
കുളമ്പുരോഗത്തിനുള്ള ഏഴാംഘട്ടവും ചര്‍മ മുഴയ്ക്കുമുള്ള മൂന്നാം ഘട്ടവും പ്രതിരോധ കുത്തിവയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ(17)ഉച്ചകഴിഞ്ഞ് മൂന്നിന് പൂക്കോട് വെറ്ററിനറി കോളജ് ഹാളില്‍ മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ.എം.സി. റിജില്‍ അധ്യക്ഷത വഹിക്കും. എഡിസിപി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ.ഷീല ഷാജി ടി. ജോര്‍ജ് പദ്ധതി വിശദീകരണം നടത്തും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. അനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. രജിസ്ട്രാര്‍ പി. സുധീര്‍ ബാബു, പൂക്കോട് വെറ്ററിനറി കോളജ് ഡീന്‍ ഡോ.അജിത് ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും. വയനാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സജി ജോസഫ്, എഡിസിപി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.പി.എം. ജെയ്‌കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
കന്നുകാലികളില്‍ പാല്‍ ഉത്പദനവും പ്രത്യുത്പാദനശേഷിയും ഗണ്യമായി കുറയ്ക്കുന്നതാണ് കുളമ്പുരോഗം. ചര്‍മമുഴ രോഗം കന്നുകാലികളുടെ ശരീരമാസകലം മുഴകള്‍ രൂപപ്പെടുന്നതിനൊപ്പം പനിക്കും പാല്‍ ഉത്പാദനക്കുറവിനും ഇടയാക്കുന്നതാണ്. വൈറസ് രോഗങ്ങളായതിനാല്‍ സമയബന്ധിത പ്രതിരോധ കുത്തി വയ്പ്പാണ് പ്രധാന നിയന്ത്രണ മാര്‍ഗം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. ഇതിനു 1914 സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഘട്ടത്തില്‍ സംസ്ഥാനത്ത് 13.5 ലക്ഷം പശുക്കള്‍ക്കും ഒരു ലക്ഷം എരുമ-പോത്തുകള്‍ക്കും കുത്തിവയ്പ്പ് നല്‍കിയിരുന്നു
