വിഷവായു ശ്വസിച്ച് ഡൽഹി; വായു ഗുണനിലവാരം ‘വളരെ മോശ’ത്തിൽ തന്നെ
ന്യൂഡൽഹി : ശമനമില്ലാതെ തലസ്ഥാനത്തെ വായു മലിനീകരണം. വായുനിലവാരം ഇന്നും വളരെ മോശം വിഭാഗത്തിലാണ് തുടരുന്നത്. ശനിയാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക (AQI) 335ൽ എത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീർ ആപ്പ് പ്രകാരം, തലസ്ഥാനത്തുടനീളമുള്ള 36 നിരീക്ഷണ കേന്ദ്രങ്ങളും “വളരെ മോശം” വായു റിപ്പോർട്ട് ചെയ്തു. മുണ്ട്കയിലാണ് ഏറ്റവും മോശം സൂചിക (387) രേഖപ്പെടുത്തിയത്.
സിപിസിബിയുടെ കണക്കനുസരിച്ച്, 0 നും 50 നും ഇടയിലുള്ള ഒരു എക്യുഐ “നല്ലത്”, 51 നും 100 നും “തൃപ്തികരം”, 101 നും 200 നും “മിതമായത്”, 201 നും 300 നും “മോശം”, 301 നും 400 നും “വളരെ മോശം”, 401 നും 500 നും “ഗുരുതരം” എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം കഴിഞ്ഞ ആഴ്ചയിൽ കുത്തനെ ഉയർന്ന് ഗുരുതര വിഭാ ഗത്തിലേക്ക് എത്തിയിരുന്നു. ഞായറാഴ്ച നഗരത്തിൽ AQI 279 ഉം തിങ്കളാഴ്ച 304 ഉം രേഖപ്പെടുത്തി. ചൊവ്വാഴ്‌ച 372 ലേക്ക് കുത്തനെ ഉയർന്നു. ബുധനാഴ്‌ച 342 ആയിരുന്നു. വ്യാഴാഴ് 304 ഉം വെള്ളിയാഴ്‌ച 327 ഉം ആയി “വളരെ മോശം” വിഭാഗത്തിൽ തന്നെ തുടർന്നു.
അതേസമയം, കുറഞ്ഞ താപനില 6.8 ഡിഗ്രി സെൽഷ്യസായി. സാധാരണയേക്കാൾ 2.7 ഡിഗ്രി സെൽഷ്യസ് താഴെയാണിത്. രാവിലെയുള്ള ഈർപ്പം 95 ശതമാനമായി. ഡൽഹിയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
