വംശനാശം സംഭവിച്ചെന്ന് കരുതിയ പരാദ സസ്യത്തെ വയനാട്ടില്‍ കണ്ടെത്തി
കല്‍പ്പറ്റ: ഭൂമുഖത്തുനിന്ന് വേരറ്റുപോയെന്നു കരുതിയിരുന്ന പുഷ്പിത പരാദ സസ്യത്തെ 175ല്‍ അധികം വര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യകുടുംബത്തില്‍പ്പെട്ട കമ്പെലിയ ഒറന്‍ഷ്യാക എന്ന സസ്യത്തെയാണ് വയനാട്ടിലെ മേപ്പാടി തൊള്ളായിരം ഭാഗത്ത് കല്‍പ്പറ്റ എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകന് സലിം പിച്ചന്, ആലപ്പുഴ സനാതനധര്‍മ കോളജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ.ജോസ് മാത്യു, അരുണ്‍രാജ്, ഡോ.വി.എന്‍. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകന് ബി. ഗോപല്ലാവ എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയത്.1849ന് മുന്‍പ് തമിഴ്നാട്ടിലെ നടുവട്ടത്ത് റോബര്‍ട്ട് വൈറ്റ് ആണ് ഈ സസ്യത്തെ ആദ്യമായി കണ്ടെത്തി ശാസ്ത്രലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. അതിനുശേഷം ഈ സസ്യത്തെ എവിടെയും കണ്ടതായി വിശ്വാസ്യയോഗ്യമായ തെളിവുകള്‍ ഇല്ല. ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിന്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്ന ക്രിസ്റ്റിസോണിയ ബൈക്കളര്‍ എന്ന സസ്യംതന്നെയാകാം ഇതെന്ന് കരുതുകയും ചെയ്തിരുന്നു.വയനാട് തൊള്ളായിരം മേഖലയില്‍ കണ്ടെത്തിയ സസ്യം റോബര്‍ട്ട് വൈറ്റ് വിശദീകരിച്ച കമ്പെലിയ ഓറന്‍ഷ്യക തന്നെയാണെന്ന് ഉറപ്പിക്കുക ഗവേഷകസംഘത്തിന്റെ മുമ്പിലെ വെല്ലുവിളിയായിരുന്നു.പശ്ചിമ ഘട്ടത്തിലെ ഒറോബാഞ്ചെസീ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന അരുണ്‍രാജിന്റെ പഠനങ്ങളാണ് സസ്യം കമ്പെലല്ലിയ ഓറന്‍ഷ്യക ആണെന്ന് ഉറപ്പുവരുത്തിയത്. ഇംഗ്ലണ്ടിലെ റോയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ ഔദ്യോഗിക ജേണല്‍ ക്യൂ ബുള്ളറ്റിനിന്റെ പുതിയ ലക്കത്തില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രത്യേക ഇനത്തില്‍പെട്ട കുറിഞ്ഞിച്ചടികളുടെ വേരില്‍നിന്ന് വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷക ഘടകങ്ങള്‍ വലിച്ചെടുത്ത് ജീവിക്കുന്ന ഈ പൂര്‍ണ പരാദ പുഷ്പിത സസ്യം വളരെ കുറച്ചു ആഴ്ചകള്‍ മാത്രം ജീവിക്കുന്നതാണ്.പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുനിന്നു ഏകദേശം അഞ്ച് കിലോമീറ്റര്‍ മാറിയാണ് തൊള്ളായിരം പ്രദേശം.
