Event More NewsFeature NewsNewsPoliticsPopular NewsRecent News

എസ്ഐആറിനെതിരായ പോസ്റ്റുകൾക്ക് വിലക്കിട്ട് ഫേസ്ബുക്ക്; പോസ്റ്റുകൾ നീക്കം ചെയ്യിച്ച് കേരള പൊലീസ്

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും എസ് ഐ ആറിനെയും വിമർശിച്ച സാമൂഹിക മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യിച്ച് കേരള പൊലീസ്. മാധ്യമ പ്രവർത്തകരടക്കം നിരവധി പേരുടെ എഫ്ബി പോസ്റ്റുകളാണ് നീക്കം ചെയ്തത്. പൊലീസിൻ്റെ പരാതി പരിഗണിച്ചാണ് പോസ്റ്റ് നീക്കം ചെയ്‌തതെന്ന് എഫ് ബിയുടെ നോട്ടിഫിക്കേഷൻ പറയുന്നു.

ധ്രുവ് റാഠി അടക്കം ദേശീയ തലത്തിലെ പ്രമുഖ സാമൂഹിക മാധ്യമ ആക്ടിവിസ്റ്റുകളുടെ പോസ്റ്റുകൾ നിലനിൽക്കുമ്പോഴാണ് മലയാളി ആക്‌ടിവിസ്റ്റുകളിട്ട പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ട്രോളി മാധ്യമ പ്രവർത്തകൻ മുഖ്‌താർ ഉദരംപൊയിലിട്ട് പോസ്റ്റ് എഫ് ബി ഒഴിവാക്കി.

ബിഹാറിലെ സിസി ടിവി ക്യാമറകൾ പ്രവർത്തന രഹിതമെന്ന മീഡിയവൺ വാർത്ത ഷെയർ ചെയ്ത് കമന്റിട്ട മറ്റൊരു പോസ്റ്റും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുന്ന കെന്നി ജേക്കബെന്ന പ്രൊഫൈലിലെ പോസ്റ്റിനും സമാന അവസ്ഥ തന്നെ. എസ്ഐആറിനെക്കുറിച്ചെഴുതിയ ഇർഷാദ് ലാവണ്ടറെന്ന പ്രൊഫൈലിലെ പോസ്റ്റും എഫ് ബി മുക്കി. സംസ്ഥാന പൊലീസിൻ്റെ പരാതിയാണ് പോസ്റ്റ് ഒഴിവാക്കാൻ കാരണമായി എല്ലാ പ്രൊഫൈലുകളിലും വന്ന നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത്.
വോട്ട് ചോരി, എസ് ഐ ആർ, ബിഹാർ തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീപനെതിരെ വിമർശവും രോഷവും രാജ്യത്താകെ ശക്തമാണ്. ധ്രുവ് റാഠി,’ മുഹമ്മദ് സുബൈർ തുടങ്ങി പ്രമുഖരായ സൈബർ ആക്ടിവിസ്റ്റുകളെല്ലാം ദിനം പ്രതി ഇത് സംബന്ധിച്ച പോസ്റ്റുകൽ പല സാമൂഹിക മാധ്യമങ്ങളിലും പങ്കുവെക്കുന്നുണ്ട്. അവ ഇപ്പോഴും ലഭ്യവുമാണ്. എന്നിരിക്കെ കേരളത്തിൽ എന്താണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പോസ്റ്റുകൾ നിയന്ത്രിക്കപ്പെടുന്നു എന്ന ചോദ്യമാണ് സാമുഹിക മാധ്യമ ഹാൻഡിലുകൾ ചോദിക്കുന്നത്.

സംഘപരിവാർ വിമർശകനായ ആബിദ് അടിവാരത്തിൻ്റെ എഫ് ബി പേജ് തന്നെ ഇന്ത്യയിൽ ലഭ്യമല്ലാതായി. സംസ്ഥാന പൊലീസിലെ സൈബർ വിങ്ങാണ് ഫേസ്ബുക്കിനും മറ്റും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാറുള്ളത്. ഏത് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയെന്നാണ് ഇനി വ്യക്തത വരേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *